കനത്ത മഴ പെയ്താല്‍ പാലാ നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് വാഹനയാത്രികരെയും കാല്‍നടയാത്രികരെയും ദുരിതത്തില്‍ ആക്കുന്നു. പാലാ സെന്റ് തോമസ് സ്‌കൂളിന് മുന്‍വശത്ത് വെള്ളക്കെട്ട് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഈ ഭാഗത്ത് ഉണ്ടായിരുന്ന ഓട സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയതോടെ ഓടയ്ക്ക് വീതികുറഞ്ഞതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് വെളളക്കെട്ടിന് കാരണമാകുന്നത്. വെളളം സുഗമമായി ഒഴുകി പോകുന്നതിന് ഏകദേശം 3 മീറ്റര്‍ വീതിയില്‍ ഓടയാണ് ഇവിടെ ഉണ്ടായിരുന്നത്. സ്വകാര്യ വ്യക്തികളുടെ അനധികൃത കയ്യേറ്റം മൂലം ഓടയുടെ വീതി ഒരു മീറ്റര്‍ മാത്രമായി ചുരുങ്ങിയത് വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതിന് പ്രധാന കാരണമെന്ന് നഗരസഭ കൗണ്‍സിലര്‍ വി.സി പ്രിന്‍സ് പറഞ്ഞു. മഴ പെയ്യുമ്പോള്‍ ഈ ഭാഗത്ത് ഒരടിയോളം വെള്ളം ഉയരുകയാണ്. വെള്ളം ഒഴുകി പോകാന്‍ മണിക്കൂറുകളോളം സമയം എടുക്കുന്നു. സ്‌കുളില്‍ നിന്ന് ഇറങ്ങുന്ന വിദ്യാര്‍ത്ഥികളും ഇതുമൂലം ബുദ്ധിമുട്ടില്‍ ആകുന്നു. വെള്ളക്കെട്ട് ഉണ്ടായ സ്ഥലം പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ സന്ദര്‍ശിച്ചു. മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ പെട്ട ഓടകള്‍ എല്ലാം ഉടന്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കുമെന്നും ഓടകള്‍ അനധികൃതമായി കൈയ്യേറിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ ഷാജു വി തുരുത്തന്‍, സാവിയോ കാവുകാട്ട്, പ്രിന്‍സ് വി.സി. ബന്ധപെട്ട നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവരും ചെയര്‍ പേഴ്‌സണോടാപ്പം സ്ഥലത്ത് എത്തിയിരുന്നു.





0 Comments