ഏറ്റുമാനൂര്‍ ടൗണ്‍ ചെറിയ മഴ പെയ്താല്‍പോലും വെള്ളക്കെട്ടില്‍ ആകുന്നത് നഗരസഭയുടെ അനാസ്ഥ കൊണ്ടണെന്ന് വ്യാപാരി വ്യവസായി സമിതി ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിനായി നഗരസഭ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നഗരസഭാ മന്ദിരത്തിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിക്കുമെന്നു നേതാക്കള്‍ പറഞ്ഞു. ജനങ്ങളെയും വ്യാപാര സമൂഹത്തെയും ദുരിതത്തിലക്കിയാല്‍ പ്രത്യക്ഷ സമരത്തിന് സംഘടന നിര്‍ബന്ധിതരാകും എന്നും റസിഡന്‍സ് അസോസിയേഷനുകള്‍ വ്യാപാരസമൂഹം സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്ന് ശക്തമായ പ്രതിഷേധ സമരവും നഗരസഭയിലേക്ക് മാര്‍ച്ചും നടത്തുമെന്നും വ്യാപാരി വ്യവസായി സമിതി. നേതാക്കള്‍ പറഞ്ഞു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍പാറകണ്ടം വരെയുള്ള ഭാഗത്തെ ഓടകളുടെ ആഴം കൂട്ടു ന്നതിനായി, ഏറ്റുമാനൂര്‍ എംഎല്‍എയും മന്ത്രിയുമായ വി. എന്‍ വാസവന്‍ അഞ്ചരക്കോടി രൂപഅനുവദിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി ടൗണില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളില്‍ നിന്നും ഓടയിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ഗതി മാറ്റി ഓടയിലെ തടസ്സം ഒഴിവാക്കണമെന്ന് മന്ത്രി,നഗരസഭയ്ക്ക് മാസങ്ങള്‍ക്കു മുന്‍പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായും വിഷയത്തില്‍ നഗരസഭയുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാതെ വന്നതാണ് വ്യാപാര സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരണമായത്. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. മാത്യു തെങ്ങുംപ്ലാക്കല്‍, സെക്രട്ടറി എം.കെ. സുഗതന്‍,മറ്റു ഭാരവാഹികളായ എന്‍. ഡി സണ്ണി,ഇ. എസ് ഷിജു , അലക്‌സ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.





0 Comments