എളിമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്തുമസ് ദിനം. പുല്‍ത്തൊഴുത്തില്‍ പിറന്ന യേശുദേവന്റെ പിറവിയെ അനുസ്മരിച്ച് ദൈവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക ചടങ്ങുകളും നടക്കും. പുല്‍ക്കൂടുകളില്‍ ഉണ്ണിയേശുവിന്റെ രൂപം പ്രതിഷ്ഠിക്കുന്നതും പാതിരാ കുര്‍ബാനയോട് കൂടിയാണ്. വീടുകളിലും ദൈവാലയങ്ങളിലും പുല്‍ക്കൂടിന്റെ മാതൃക ഒരുക്കിയാണ് ക്രിസ്തുമസ് ആഘോഷം. ഡിസംബര്‍ ആദ്യവാരം തന്നെ വീടുകളിലും സ്ഥാപനങ്ങളിലും നഗരങ്ങളിലും നക്ഷത്രവിളക്കുകള്‍ സ്ഥാനം പിടിച്ചിരുന്നു. പുല്‍ക്കൂടുകള്‍, ക്രിസ്തുമസ് ട്രീകള്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങി വലിയ വ്യാപാരമാണ് ഓരോ ക്രിസ്തുമസ് കാലയളവിലും നടക്കുന്നത്. ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതിനുള്ള വസ്തുക്കളുടെ വന്‍ശേഖരമാണ് വ്യാപാരസ്ഥാപനങ്ങള്‍ ഒരുക്കിയത്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും സാമാന്യം ഭേദപ്പെട്ട തിരക്ക് അനുഭവപ്പെട്ടു. ക്രിസ്തുമസ് ആഘോഷങ്ങളെ പൂര്‍ണതയിലെത്തിക്കുന്ന കേക്ക് വ്യാപാരവും ഉഷാറായിരുന്നു. കമ്പിത്തിരി, മത്താപ്പ്, തുടങ്ങിയവയുമായി പടക്കവിപണിയും ക്രിസ്തുമസ് തലേന്ന് സജീവമായി. 25 ദിവസം നീണ്ട നോമ്പുകാലത്തിനും ക്രിസ്തുമസ് ദിനത്തോടെ സമാപനമാകും. ഇതോടെ മല്‍സ്യ- മാംസ വ്യാപാരസ്ഥാപനങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ക്രിസ്തുമസ് ആഘോഷം ഗംഭീരമായി. സ്റ്റാര്‍ വിഷന്‍ കേബിള്‍ ടിവി ഓഫീസില്‍ ഡയറക്ടര്‍ ബിനു സ്റ്റീഫന്‍ കേക്കു മുറിച്ചു ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് ദിന സന്ദേശം നല്‍കി. ക്രിസ്തുമസ് കേക്കുകളും വിതരണം ചെയ്തു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ദിന ആഘോഷം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു.





0 Comments