ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും അനിമേഷന്റെ വിസ്മയ ലോകവും വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ട് ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കമായി. ജില്ലയിലെ 13 വിദ്യാഭ്യാസ ഉപജില്ലകളിലായി 18 ക്യാമ്പുകളാണ് ഡിസംബര്‍ 31 വരെനടക്കുന്നത്. ഈ വര്‍ഷം മുതലാണ് എ.ഐ. ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികള്‍ ലഘുകഥകളെ അടിസ്ഥാനമാക്കി അനിമേഷന്‍ സിനിമകള്‍ തയ്യാറാക്കല്‍ വീഡിയോ എഡിറ്റ് ചെയ്യല്‍, ത്രിമാന അനിമേഷന്‍ സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അനിമേഷന്‍ ടൈറ്റില്‍ തയാറാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. പ്രോഗ്രാമിംഗ് വിഭാഗത്തില്‍ പിക്‌റ്റോബ്ലാക്ക് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഗെയിം നിര്‍മ്മാണം, നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വാതില്‍, ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണം, തരംതിരിക്കല്‍ യന്ത്രം തുടങ്ങിയവ തയ്യാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ മൊഡ്യൂള്‍ പരിശീലിപ്പിക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കൈറ്റ് വിതരണം ചെയ്തിട്ടുള്ള ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിംഗ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന 143 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലായി 4217 അംഗങ്ങളാണുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ നടന്ന സ്‌കൂള്‍തല ക്യാമ്പുകളില്‍ നിന്നും പ്രവര്‍ത്തന മികവിന്റെയടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 1015 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൈറ്റ് തയ്യാറാക്കിയ മൊഡ്യൂള്‍ അടിസ്ഥാനമാക്കി രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്റ്റര്‍മാരും സ്‌കൂള്‍ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാരും ആയിരിക്കും. സബ്ജില്ലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും പാലാ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അനിമേഷന്റെയും അത്ഭുത ലോകം കൗതുകമായി.





0 Comments