കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശബരിമല തീര്‍ത്ഥാടകന് ഒരു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കി. രക്തം കട്ടപിടിക്കാത്ത അവസ്ഥയുള്ള ഹീമോഫീലിയ രോഗിയായ ശബരിമല തീര്‍ഥാടകന്‍ ആന്ധ്രാ നെല്ലൂര്‍ സ്വദേശി രംഗനാഥന് ഒരു ലക്ഷം രൂപയുടെ ചികിത്സ സംസ്ഥാന സര്‍ക്കാരിന്റെ 'ആശാധാര' പദ്ധതിയിലൂടെ സൗജന്യമായി നല്‍കി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കാല്‍ മുട്ടിനു നീരുവീക്കവുമായി ആന്ധ്രയിലെ നെല്ലൂരില്‍ ചികിത്സ നേടിയങ്കിലും കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം തീര്‍ത്ഥാടന യാത്രയ്ക്കിടെ കാല്‍ മുട്ടില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. രക്തം വാര്‍ന്ന് ക്ഷീണിതനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയശേഷമാണ് ജനുവരി 10ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിയത്. രോഗിക്ക് തുടക്കത്തില്‍ ആവശ്യത്തിന് രക്തം നല്‍കിയശേഷം ഏതുതരം രക്തഘടകത്തിന്റെ അഭാവം മൂലമുള്ള രോഗമാണെന്ന് പരിശോധിച്ച് അത് നല്‍കുകയാണ് ചെയ്യുന്നത്. കൃത്യമായ എട്ടാം രക്തഘടകത്തിന്റെ അഭാവം കണ്ടെത്തി അത് നല്‍കി രക്തസ്രാവം നിയന്ത്രിക്കുകയായിരുന്നു. 1000 യൂണിറ്റിന് 6000 രൂപ വിലമതിക്കുന്ന 16000 യൂണിറ്റ് രക്തഘടകമാണ് രോഗിക്ക് നല്‍കുന്നത്. 96000 രൂപ വിലമതിക്കുന്ന മരുന്നാണ് ഇത്. രംഗനാഥന്‍ ആന്ധ്രാ നെല്ലൂര്‍ ജില്ലയില്‍ സ്വകാര്യ സ്‌കൂളില്‍ യു.പി തലത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനാണ്. മെഡിക്കല്‍ കോളേജില്‍ യൂണിറ്റ് ചീഫ് ഡോ ടി പ്രശാന്തകുമാര്‍, ഡോ അതുല്യ ജി അശോക് എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്. ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്ന രോഗി അഞ്ചുദിവസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് തിരിക്കും.





0 Comments