കിടങ്ങൂര്‍ ജേസീസിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിരകളി മത്സരം ജേസീ പാലസില്‍ നടന്നു. പാരമ്പര്യ കലാരൂപമായ തിരുവാതിര കളിയ്ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഗുരുസ്ഥാനീയരായ വ്യക്തിത്വങ്ങളെ ഓര്‍മ്മിച്ചു കൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്. തിരുവാതിരകളി മത്സരത്തിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ ജേസീസ് പ്രസിഡന്റ് രാജു കലവറ നിര്‍വഹിച്ചു. ജേസിസ് സെക്രട്ടറി അനില്‍ പാഴുരാത്ത്, ട്രഷറര്‍ ശശിധരന്‍ നായര്‍ ഇടച്ചേരില്‍, സുരേഷ് കുമാര്‍, മനോജ് ചെറുകര, സുനില്‍, കൃഷ്ണകുമാര്‍, ഷാജി, മിനി പാഴൂരാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാമതെത്തിയ തൃപ്പൂണിത്തുറ പെരുനിനക്കുളം ശിവഗംഗ NSS കരയോഗം തിരുവാതിരകളി സംഘം കുമ്മണ്ണൂര്‍ താഴത്തുവീട്ടില്‍ മീനാക്ഷിയമ്മ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും, പതിനായിരം രൂപ ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള പെരുമ്പടപ്പില്‍ ദേവകിയമ്മ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും 5000 രൂപ ക്യാഷ് അവാര്‍ഡും നട്ടാശേരി ശ്രീഭദ്ര തിരുവാതിര കളിസംഘത്തിന് ലഭിച്ചു. മൂന്നാം സ്ഥാനക്കാര്‍ക്ക് സ്റ്റാര്‍വിഷന്‍ നല്‍കുന്ന മൂവായിരം രൂപ ക്യാഷ് അവാര്‍ഡിന് അരയന്‍കാവ് നിനവ് തിരുവാതിര കളിസംഘം അര്‍ഹരായി. നാലാം സ്ഥാനത്തെത്തിയ കുഴിമറ്റം ഉമാമഹേശ്വര തിരുവാതിര കളിസംഘത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു. വിജയികള്‍ക്ക് ജേസീസ് പ്രസിഡന്റ് രാജു കലവറ പുരസ്‌കാരങ്ങള്‍ നല്‍കി.





0 Comments