Breaking...

9/recent/ticker-posts

Header Ads Widget

വോട്ടിങ് യന്ത്രങ്ങള്‍ ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലെയും സ്‌ട്രോങ് റൂമുകളിലേക്ക്് മാറ്റി



ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങള്‍ ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലെയും സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. തിരുവാതിക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം.) വെയര്‍ഹൗസില്‍ നിന്ന് തിങ്കളാഴ്ച രാവിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് അതത് നിയമസഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം ആരംഭിച്ചത്. നിയമസഭാ മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങാനായി എത്തിയിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ ജീവനക്കാര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങി അവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള കവചിത വാഹനത്തില്‍ കയറി പൊലീസ് അകമ്പടിയോടെയാണ് വോട്ടിങ് യന്ത്രങ്ങള്‍ ഓരോ നിയോജകമണ്ഡലത്തിലേയും സ്‌ട്രോങ് റൂമിലെത്തിച്ചത്. ഒന്നാംഘട്ട റാന്‍ഡമൈസേഷനിലൂടെ ഓരോ നിയോജകമണ്ഡലത്തിനും അനുവദിച്ച വോട്ടിങ്  യന്ത്രങ്ങളാണിവ. ഓരോ നിയോജകമണ്ഡലത്തിലും ആവശ്യമായ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ 20 ശതമാനത്തില്‍ അധികവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനത്തില്‍ അധികവുമാണ് ആദ്യഘട്ട റാന്‍ഡമൈസേഷനിലൂടെ അനുവദിച്ചിട്ടുള്ളത്. ഏപ്രില്‍ പകുതിക്കുശേഷം നടക്കുന്ന രണ്ടാംഘട്ട റാന്‍ഡമൈസേഷനിലൂടെയാവും വോട്ടിങ് മെഷീന്‍ ഏതു പോളിങ് ബൂത്തിലേക്ക് എന്നു നിശ്ചയിക്കുക. സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍


പാലാ-സെന്റ് വിന്‍സെന്റ് പബ്ലിക് സ്്കൂള്‍, പാലാ

കടുത്തുരുത്തി-ദേവമാതാ കോളജ്, കുറവിലങ്ങാട്

വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം  

ഏറ്റുമാനൂര്‍-സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അതിരമ്പുഴ

കോട്ടയം-എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം

പുതുപ്പളളി-ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, കോട്ടയം

ചങ്ങനാശേരി- എസ്.ബി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി- സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി

പൂഞ്ഞാര്‍-സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി




Post a Comment

0 Comments