കിണര്‍ വൃത്തിയാക്കുവാന്‍ ഇറങ്ങിയ തൊഴിലാളി ശുദ്ധവായു ലഭിക്കാതെ കിണറിനുള്ളില്‍ കുഴഞ്ഞുവീണു. കൂടല്ലൂര്‍ സ്വദേശി ജോര്‍ജിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൂടല്ലൂര്‍ ഏറ്റുമാനൂര്‍ മങ്ങരകലുങ്കിന് സമീപം പുഞ്ചായില്‍ കുഞ്ഞ് എന്നയാളുടെ സ്വകാര്യ റബര്‍ തോട്ടത്തിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് ജോര്‍ജ്ജ് കിണറിനുള്ളില്‍ വായു ലഭിക്കാതെ കുഴഞ്ഞുവീണത്. സമീപത്തെ പുരയിടത്തില്‍ കിണര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ എത്തി വായുസഞ്ചാരത്തിനായി പച്ചിലകള്‍ കിണറിനുള്ളിലേക്ക് കയറില്‍ കെട്ടിയിറക്കി.

കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി കിണറിനുള്ളില്‍ കുടുങ്ങിയ ജോര്‍ജിനെ വലയ്ക്കുള്ളില്‍ ആക്കി കരയ്ക്ക് എത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വിഷ്ണു മധുവിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കിഷോര്‍ ആണ് ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് കിണറിലേക്ക് ഇറങ്ങി ജോര്‍ജിനെ വലയ്ക്കുള്ളില്‍ ആക്കി പുറത്തെത്തിക്കുവാള്‍ നേതൃത്വം നല്‍കിയത്. രക്ഷാ പ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്‌സിനൊപ്പം നാട്ടുകാരും പങ്കെടുത്തു. പ്രഥമ ശിശ്രൂഷയ്ക്ക് ശേഷം ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണര്‍ വൃത്തിയാക്കുവാന്‍ ഇറങ്ങുന്ന തൊഴിലാളികള്‍ മുന്‍കരുതലുകളെടുക്കണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
0 Comments