കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി കെട്ടിടത്തിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കെട്ടിടം ഭാഗികമായി തകര്‍ന്നു. മോര്‍ച്ചറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പോസ്റ്റുമാര്‍ട്ടം നടപടികളും നിര്‍ത്തി വച്ചു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത കാറ്റിലും, മഴയിലുമാണ് മരം മോര്‍ച്ചറി കെട്ടിടത്തിന് മുകളിലേക്ക് വീണത്. രാവിലെ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരാണ് മരം വീണത് കണ്ട് അധികൃതരെ വിവരം അറിയിച്ചത്. സ്റ്റോര്‍ റൂം, ജീവനക്കാരുടെ ഡ്രസ്സിംഗ് മുറി എന്നിവയ്ക്ക് മുകളിലേക്കാണ് മരം വീണത്. ഓടും, ഷീറ്റും തടിയുടെ പട്ടികകളും എല്ലാം തകര്‍ന്നിട്ടുണ്ട്. ഇവിടെ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം പിന്നീട് മാറ്റി. കെട്ടിടം ഭാഗികമായി തകര്‍ന്നതിനൊപ്പം, പരിസരത്തെ മരങ്ങളുടെ, ശിഖരങ്ങള്‍ ചാഞ്ഞ് അപകട ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. ഇവ വെട്ടി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കെട്ടിടം അടിയന്തമായി നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.





0 Comments