ഓവര്‍സീസ് റെസിഡന്റ് മലയാളീസ് അസോസിയേഷന്‍ ഓര്‍മ്മ ടാലെന്റ് പ്രമോഷന്‍ ഫോറം സംഘടിപ്പിച്ച സീസണ്‍ 2 അന്താരാഷ്ട്ര പ്രസംഗ മത്സരത്തില്‍ ഒരു ലക്ഷം രൂപയുടെ 'ഓര്‍മ്മ ഓറേറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം' പാലാ അല്‍ഫോന്‍സാ കോളജ് വിദ്യാര്‍ത്ഥിനി ലീനു കെ ജോസ് നേടി. പാലാ സെന്റ് തോമസ് കോളജില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെ ലോക സഞ്ചാരിയും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായ സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. ഓര്‍മ്മ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ മിസൈല്‍ വനിത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ ടെസ്സി തോമസ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഡയറക്ടര്‍ അനീഷ് പി രാജന്‍, ചലച്ചിത്രതാരം മിയ ജോര്‍ജ്, ഓര്‍മ്മ ടാലെന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, സജി സെബാസ്റ്റ്യന്‍, റോഷന്‍ പ്ലാമൂട്ടില്‍, ഷാജി ആറ്റുപുറം തുടങ്ങിയവര്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആദ്യഘട്ടത്തില്‍ 1500 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. പാലായില്‍ നടന്ന ഗ്രാന്റ് ഫിനാലേയില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ 60 പേരാണ് മത്സരിച്ചത്. 10 ലക്ഷത്തില്‍പരം രൂപ വിജയികള്‍ക്കു സമ്മാനമായി നല്‍കി. ഇതിനു പുറമേ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഓര്‍മ്മ പുരസ്‌കാരം നേടിയ ലീനു കെ ജോസ് പാലാ അല്‍ഫോന്‍സാ കോളജിലെ ബിഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഭരണങ്ങാനം കാരുവേലില്‍ ജോസ് മാത്യുവിന്റെയും ക്ലാരമ്മയുടെയും മകളായ ലീനു യൂണിവേഴ്‌സിറ്റി തലത്തിലും അന്തര്‍ സര്‍വ്വകലാശാലാ മത്സരങ്ങളിലും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ന്യൂമാന്‍ യൂത്ത് എക്‌സലന്‍സ് അവാര്‍ഡ് ജേതാവ്കൂടിയാണ് ലീനു.





0 Comments