ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്ന ഭക്തര്‍ ഏറെയാണ്. ത്രികാല ദോഷങ്ങള്‍ അകറ്റുമെന്ന വിശ്വാസമാണ് പറകൊട്ടിപ്പാട്ടിനു പിന്നിലുള്ളത്.
പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തില്‍പ്പെട്ടവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയര്‍. പാരമ്പര്യമായി ലഭിച്ച പാട്ടിന്റെ ഈരടികളിലൂടെ സര്‍വദോഷ പരിഹാരത്തിനായി പാടുന്നു. മാളികപ്പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പറകൊട്ടിപ്പാട്ട് നടക്കുന്നത്. പരമശിവന്‍ മലവേടന്റെ രൂപത്തില്‍ പന്തളം കൊട്ടാരത്തില്‍ എത്തി പറകൊട്ടി പാടി മണികണ്ഠന്റെ ദോഷങ്ങള്‍ അകറ്റിയതായാണ് ഐതീഹ്യം.

പാലാഴി മഥനത്തെ തുടര്‍ന്നു വിഷ്ണു ഭഗവാനു ശനിദോഷം ബാധിച്ചെന്നും ശിവന്‍ വേലനായും പാര്‍വതി വേലത്തിയായും അവതരിച്ചു പറകൊട്ടി പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും ഐതീഹ്യമുണ്ട്. പറകൊട്ടി പാടുമ്പോള്‍ കേശാദിപാദം എന്ന മന്ത്രം പാട്ട് രൂപത്തിലാണ് പാടുക. പറയുടെ മുന്നിലിരിക്കുന്ന ഭക്തനെ അയ്യപ്പനായും പിന്നിലിരുന്നു പാടുന്നയാളെ പരമശിവനായുമാണ് സങ്കല്‍പ്പിക്കുക. പാട്ടിനുശേഷം ഭക്തന്റെ ശിരസില്‍ കൈവെച്ച് നെറ്റിയില്‍ ഭസ്മം വരച്ച് അനുഗ്രഹിക്കും. ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും സര്‍വദോഷങ്ങളും മാറുമെന്നാണ് വിശ്വാസം. ശബരിമല ക്ഷേത്രനിര്‍മാണം കഴിഞ്ഞു തീപിടുത്തവും മറ്റ് അനിഷ്ട സംഭവങ്ങളുമുണ്ടായപ്പോള്‍ പന്തളം രാജാവ് ദേവപ്രശ്‌നം വച്ചെന്നും അശുദ്ധിയുള്ളതായി കണ്ടെത്തിയതിനാല്‍ പരിഹാരമായി വേലന്‍മാരെ കൊണ്ട് പറകൊട്ടി പാടണമെന്ന് ദേവഹിതത്തില്‍ തെളിഞ്ഞെന്നും ഇതോടെയാണ് ശബരിമലയില്‍ പറകൊട്ടിപ്പാട്ട് തുടങ്ങിയതെന്നും പറകൊട്ടിപ്പാട്ട് നടത്തുന്ന ആറമ്മുള സ്വദേശി പ്രസാദ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനെട്ടാംപടിക്കു താഴെ അരങ്ങേറിയിരുന്ന പറകൊട്ടി പാട്ട് പിന്നീടാണ് മണിമണ്ഡപത്തിനു സമീപത്തേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
0 Comments