കേരള കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ജനുവരി 13, 14 തീയതികളില്‍ ചരല്‍കുന്നില്‍ നടക്കും. 13 ന് ഉച്ചയ്ക്ക് ഒരു മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മൂന്ന് മണിക്ക് പതാക ഉയര്‍ത്തി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.സി തോമസ് , എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ ടി.യു കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തോമസ് ഉണ്ണിയാടന്‍, ചീഫ് കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
അനുകാലിക രാഷ്ടീയ സ്ഥിതിഗതികള്‍ ക്യാമ്പില്‍ വിലയിരുത്തും. കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ജനവാസ മേഖലയിലെ വന്യമൃഗ ശല്യം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധന, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധന, ക്ഷേമ പെന്‍ഷന്‍ കുടിശിക, തുടങ്ങിയവ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ, ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെയും പോഷക സംഘടനകളേയും സജ്ജമാക്കാനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കും. 14 ജില്ലകളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫും സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാമും അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സന്തോഷ് കാവുകാട്ട്, മീഡിയ സെല്‍ ചെയര്‍മാന്‍ ബിനു ചെങ്ങളം എന്നിവരുംപങ്കെടുത്തു.
0 Comments