സയന്‍സ് സിറ്റിയുടെ ആദ്യഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കുറവിലങ്ങാട് കോഴായില്‍ നിര്‍മാണം പുരോഗമിക്കുന്ന സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം മേയ് മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടി ആയി സയന്‍സിറ്റി സന്ദര്‍ശിക്കാനെത്തിയ തായിരുന്നു മന്ത്രി. പദ്ധതിയുടെ ആദ്യഘട്ടമായ സയന്‍സ് സെന്ററാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് പഠനോപകാരപ്രദമായ സയന്‍സ് ഗാലറികള്‍, സയന്‍സ് പാര്‍ക്ക്, ആക്ടിവിറ്റി സെന്റര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്റര്‍, ഫുഡ് കോര്‍ട്ട്, വാനനിരീക്ഷണകേന്ദ്രം, ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്‍, കോമ്പൗണ്ട് വാള്‍, ഗേറ്റുകള്‍, റോഡിന്റെയും ഓടയുടെയും നിര്‍മാണം, വാട്ടര്‍ ടാങ്ക് തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ സയന്‍സ് സിറ്റിയില്‍ സാങ്കേതിക മികവോടെയുള്ള സ്‌പേസ് തിയേറ്റര്‍, മോഷന്‍ സ്റ്റിമുലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കും. എന്‍ട്രി പ്ലാസ, ആംഫി തിയേറ്റര്‍, റിങ് റോഡ്, പാര്‍ക്കിങ് തുടങ്ങിയവയും അടുത്തഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. കേരളാ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍, അസി. ഡയറക്ടര്‍ ഡോ. പി എസ് സുന്ദര്‍ലാല്‍ എന്നിവരും സയന്‍സ് സിറ്റി സന്ദര്‍ശിക്കുവാന്‍ മന്ത്രിക്കൊപ്പം എത്തി.
0 Comments