കിഴക്കന്‍ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കല്‍ കല്ലിലും സന്ദര്‍ശകരുടെ തിരക്കേറുന്നു. റോഡ് നന്നായതോടെ ഇലവീഴാപൂഞ്ചിറയിലേക്കും, ചക്കിക്കാവ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും ഇല്ലിക്കല്‍ കല്ലിലേക്കും നിരവധിയാളുകളാണെത്തുന്നത്. തകര്‍ന്നു കിടന്ന റോഡ് ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്തതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുഗമമായ സഞ്ചാരം സാധ്യമായത്.
മാണി സി കാപ്പന്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ചാണ് ഏറെക്കാലം തകര്‍ന്നു കിടന്ന റോഡ് നവീകരിച്ചത്. ഇതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലും, ഇല്ലിക്കല്‍ കല്ലിലേക്കും, തീര്‍ത്ഥാടന കേന്ദ്രമായ ചക്കിക്കാവ് കുരിശുമലയിലേക്കും ആയിരക്കണക്കിനാളുകളാണ് ദിനംപ്രതിയെത്തുന്നത്. റോഡ് നവീകരണത്തിനോടൊപ്പം തന്നെ സുരക്ഷാ വേലികളും സ്ഥാപിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ സഞ്ചരിക്കണമെങ്കില്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കണമായിരുന്നു. കാല്‍നട യാത്ര പോലും ദുഷ്‌കരമായിരുന്നു. ഇപ്പോള്‍ റോഡ് യാത്ര സുഗമമായതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരും പ്രകൃതിയൊതുക്കിയ കൗതുകക്കാഴ്ചകള്‍ കാണാന്‍ ഇവിടെയെത്തുന്നു. വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ട്രക്കിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.





0 Comments