സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശന സ്റ്റാള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമായി. മനുഷ്യസഹായമില്ലാതെ ചെടികള്‍ക്ക് വെള്ളം ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് പ്ളാന്റ് വാട്ടര്‍ സംവിധാനം, പാത്രം വെച്ചാല്‍ തനിയെ വെള്ളം പാത്രത്തിലേക്കു വീഴുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ഡിസ്പെന്‍സര്‍, പ്രളയവും മണ്ണിടിച്ചിലും പോലുളള ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനം എന്നിവയെല്ലാം കൗതുകക്കാഴ്ചയായി. കടുത്തുരുത്തി, പാലാ പോളിടെക്നിക്കുകളിലെയും ,ആര്‍.ഐ.ടി. പാമ്പാടിയിലെയും കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് സാങ്കേതിക പ്രൊജക്ടുകള്‍ ഒരുക്കിയത്..
പഠനത്തിന്റെ ഭാഗമായുള്ള പ്രൊജക്ടുകളിലൂടെയാണ് വിദ്യാര്‍ഥികള്‍ ഇത്തരം ഉപകരണങ്ങള്‍ നിര്‍മിച്ചത്. കുറഞ്ഞ ചെലവിലാണ് വിദ്യാര്‍ഥികള്‍ സാങ്കേതിക ഉപകരണങ്ങള്‍ നിര്‍മിച്ചത്.രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍.റൈറ്റിംഗ് റോബോട്ട്, സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍, ഭാരവസ്തുക്കള്‍ എടുത്തു മാറ്റാന്‍ ശേഷിയുള്ള ആര്‍ട്ടിക്കുലേറ്റഡ് റോബോട്ട്, വൈ ഫൈയിലൂടെ റോബോട്ടിന്റെ കൈകളുടെ ചലനം കാണിച്ചു തരുന്ന സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച കരിയിലകള്‍ അടിച്ചു വാരുന്ന യന്ത്രം അങ്ങനെ അനവധി സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലുള്ളത്.സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ പാതയിലേക്ക് ഉയര്‍ന്നതിന്റെ തെളിവുകളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെസ്റ്റാളുകള്‍.
0 Comments