ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശവുമായി ബലിപെരുന്നാള്‍ ആഘോഷം നടന്നു. ലോകമെമ്പാടും മുസ്ലീങ്ങള്‍ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക ആഘോഷങ്ങളില്‍ ഒന്നാണ് ബക്രീദ്. ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും കൂടി ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം.
മുസ്ലീം പള്ളികളിലും ഈദ് ഗാഹ്കളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. ഇമാമുമാര്‍ പെരുനാള്‍ദിന സന്ദേശം നല്കി. ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും വിപുലമായ രീതിയില്‍ പെരുന്നാള്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. പള്ളികളിലെ ചടങ്ങുകള്‍ക്ക് ശേഷം മൃഗങ്ങളെ ബലി നല്കുന്ന ചടങ്ങും നടന്നു. വീടുകള്‍ കേന്ദ്രീകരിച്ചും ബലികര്‍മം നടന്നു. പെരുന്നാള്‍ നമസ്‌കാരത്തിലും മറ്റ് ചടങ്ങുകളിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കുമ്മനം ജുമാ മസ്ജിദില്‍ രാവിലെ 7.30ന് നടന്ന ചടങ്ങുകള്‍ക്ക് മുഹമ്മദ് ഷാഫി നജ്മി അല്‍കാശിഫി മൗലവി നേതൃത്വം നല്കി.
0 Comments