ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെയും ശ്രീമൂലം നേച്ചര്‍ ക്ലബ്ബിന്റെയും സാന്‍ജോസ് വിദ്യാലയയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും വിതരണവും നടത്തി. സാന്‍ജോസ് വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പാരിസ്ഥിതിക പ്രശ്‌നമാണെന്നും ഭൂമിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഭൂമിയുടെ പച്ചപ്പ്, ജീവ രാശിയുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന വള്ളത്തോളിന്റെയും ഭൂമിക്ക് ചരമഗീതം എഴുതിയ ഒ.എന്‍.വി യുടെയും കവിഭാവന ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാലഘട്ടമാണ് ഇതെന്നും പാരിസ്ഥിതിക സംരക്ഷണത്തില്‍ സമൂഹത്തിന് വലിയ അവബോധം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വരും തലമുറയ്ക്ക് വേണ്ടി ഭൂമിയെ പുനരുജീവിപ്പിക്കുവാന്‍ ജൈവവൈവിധ്യം നിലനിര്‍ത്തി കൃഷിയും, ജലവും സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതുണ്ടെന്ന് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് പറഞ്ഞു. സാന്‍ജോസ് വിദ്യാലയ അങ്കണത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം മന്ത്രി വൃക്ഷത്തൈ നട്ടു. പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കലും വൃക്ഷത്തൈ വിതരണവും മന്ത്രി നിര്‍വഹിച്ചു. കൊടുവത്താനം സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ലൂക്ക് കരിമ്പില്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, സാന്‍ജോസ് വിദ്യാലയ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനുപമ, ലൈബ്രറി സെക്രട്ടറി പി.രാജീവ്, പിടിഎ പ്രസിഡണ്ട് എം വി മുരളീധരന്‍, രാജു കുടിലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments