ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ മെഡിക്കല്‍ ലബോറട്ടറിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി വികസനത്തിനായി ഏറ്റുമാനൂര്‍ നഗരസഭ വകയിരുത്തിയ എട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ പരിശോധന ലാബ് ഒരുക്കിയത്. ആശുപത്രിയില്‍ സംഘടിപ്പിച്ച ഉദ്ഘാടന യോഗത്തില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം, അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ രശ്മി രാമചന്ദ്രന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയന്‍, ജെ എച്ച് ഐ ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന 65 പരിശോധനകളില്‍ 55 എണ്ണവും ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ നടത്താന്‍ കഴിയുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും അടക്കമുള്ളവര്‍ സന്തോഷം പങ്കുവെച്ചത്.
0 Comments