വേദഗിരി ധര്‍മ്മശാസ്താ ക്ഷേത്ര അങ്കണത്തില്‍ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കം കുറിച്ചു. ക്ഷേത്രത്തിന്റെയും പുണ്യതീര്‍ത്ഥച്ചിറയുടെയും പരിസരത്ത് ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുന്നതിനും നക്ഷത്ര വനം നിര്‍മിക്കുന്നതിനുമാണ് തുടക്കമായത്. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി, ക്ഷേത്രം പൂജാരി മോനിഷ് തടത്തില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ഭൂമി പൂജ നടത്തി. തുടര്‍ന്ന് നീറ്റ് എം.ഡി.എസില്‍ ഒന്നാം റാങ്ക് നേടിയ ഡോക്ടര്‍ അഞ്ജു ആന്‍ മാത്യു മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരിയില്‍ നിന്നും ഫലവൃക്ഷതൈ ഏറ്റുവാങ്ങി നട്ടുപിടിപ്പിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ദിവാകരന്‍ നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങിയ ഔഷധസസ്യങ്ങളും ചെടികളും ഫലവൃക്ഷതൈകളും പ്രദേശവാസികളും ക്ഷണിക്കപ്പെട്ട അതിഥികളും ചേര്‍ന്ന് മൂന്നര ഏക്കറോളം വരുന്ന ക്ഷേത്ര ഭൂമിയില്‍ നട്ടുപിടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണവും അപൂര്‍വ്വ സസ്യങ്ങളുടെ പരിപാലനവും ലക്ഷ്യം വെച്ചാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും പുണ്യ തീര്‍ത്ഥച്ചിറയും ചുറ്റുവട്ടവും ഭക്തജനങ്ങളും പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് പൂങ്കാവനമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. വനമിത്ര അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനും അതിരമ്പുഴ പഞ്ചായത്ത് അംഗവുമായ ജോജോ ആട്ടയില്‍ കോര്‍ഡിനേറ്റര്‍ ആയിട്ടുള്ള സമിതിയാണ് ഫലവൃക്ഷതൈകള്‍ നട്ടു പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ക്ഷേത്രം മാനേജിംങ് ട്രസ്റ്റി സജി, ക്ഷേത്ര ഭരണസമിതി അംഗം ജയകുമാര്‍, നീണ്ടൂര്‍ എസ്എന്‍ഡിപി ശാഖാ പ്രസിഡണ്ട് യു. കെ. ഷാജി എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.
0 Comments