പാലാ കെ.എം.മാണി സ്മാരക ഗവ.ജനറല്‍ ആശുപത്രിയില്‍ ജീവിതശൈലി രോഗനിര്‍ണ്ണയത്തിനും ചികിത്സകള്‍ക്കുമായി പുതിയ ചികിത്സാ വിഭാഗം '360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്‌മെന്റ് സെന്റര്‍' തയാറായി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗലക്ഷണങ്ങള്‍ ഗുരുതരമാകും മുന്‍പ് സങ്കീര്‍ണ്ണതകള്‍ തിരിച്ചറിഞ്ഞ് പ്രാരംഭ ദിശയില്‍ കണ്ടെത്തി ചികിത്സ ഒരുക്കാന്‍ ഒരുക്കിയിട്ടുള്ള സംവിധാനമാണിത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് ജൂലൈ 3 ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തും. പ്രമേഹം, ഹൃദ് രോഗം, കാന്‍സര്‍ അടക്കമുള്ള ജീവിതശൈലി രോഗങ്ങളും ഭക്ഷണം ക്രമം നിശ്ചയിക്കല്‍, മാനസികാരോഗ്യം എന്നിവയും ഇതുവഴി തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ഒരുക്കാന്‍ ഈ കേന്ദ്രം വഴി സാധിക്കും. നഗരസഭയ്ക്ക് ലഭിച്ച ഹെല്‍ത്ത് ഗ്രാന്‍ഡ് 43ലക്ഷം രൂപ വിനിയോഗിച്ചാണ് ചികിത്സാ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ജീവിതശൈലി രോഗ പരിശോധനകളെ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പാലാ ജനറല്‍ ആശുപത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ സാര്‍വത്രികമായി മാറുന്ന ഈ കാലഘട്ടത്തില്‍ രോഗം പ്രാരംഭദിശയില്‍ത്തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് കെയര്‍ സെന്ററിന്റെ ലക്ഷ്യം. ഇവിടെ ഡയബറ്റിക് ഫൂട്ട്, റെറ്റിനോപ്പതി, നെഫ്രോപ്പതി എന്നിവയില്‍ അടിസ്ഥാന രോഗനിര്‍ണ്ണയങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിനോടൊപ്പം ഡയറ്റ്, പുകവലി നിര്‍ത്തല്‍ എന്നിവയ്ക്കായി കൗണ്‍സിലിംഗും മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിലേയ്ക്ക് ഡോക്ടര്‍, നഴ്‌സ് മറ്റു ജീവനക്കാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ബയോ ടെസ്റ്റിയോ മീറ്റര്‍, ഹാന്‍സ് ഹെല്‍ഡ് ഡോപ്പര്‍, ഫാറ്റ് ഇന്‍വെസ്സസ് മിഷീന്‍, മെട്രിയാടിക് ക്യാമറ, മിനി സൈറോ മീറ്റര്‍ എന്നീ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ചേര്‍ന്ന ആലോചനായോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപടവന്‍, ജയ്‌സണ്‍ മാന്തോട്ടം, നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സാവിയോ കാവുകാട്ട്, ജോസിന്‍ ബിനോ, ആര്‍.എം.ഒ.ഡോ.രേഷ്മാ സുരേഷ്, നഗരസഭാകൗണ്‍സിലര്‍മാര്‍ എന്നിവരും പങ്കെടുത്തു.
0 Comments