കടുത്തുരുത്തി വടക്കുംകൂര്‍ ഹിസ്റ്ററി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗോവ ഗവര്‍ണര്‍ അഡ്വ P.S ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ലോകത്ത് വിവിധ രാജ്യങ്ങള്‍ പ്രതിസന്ധി കാലഘട്ടങ്ങളിലൂടെ കടന്നുപോയപ്പോള്‍ അവര്‍ക്കൊക്കെ തുണയായത് ഭാരതമാണെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതായി ഗോവ ഗവര്‍ണര്‍ പറഞ്ഞു. ചരിത്രം പുതുതലമുറയ്ക്ക് ബോധ്യമാവും വിധം പുനര്‍ സൃഷ്ടിക്കപ്പെടുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. വടക്കുംകൂര്‍ രാജ്യവും കടുത്തുരുത്തിയും എന്ന് വിഷയത്തെക്കുറിച്ച് വടക്കുംകൂര്‍ ഹിസ്റ്ററി പ്രമോഷന്‍ സൊസൈറ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതലത്തിലുള്ള സെമിനാറിന്റെയും പൗരാണിക ചരിത്രഗ്രന്ഥത്തിന്റെയും പ്രീ പബ്ലിക്കേഷന്‍ പ്രഖ്യാപനവും ഗോവ ഗവര്‍ണര്‍ അഡ്വക്കേറ്റ് പി.എസ് ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. കടുത്തുരുത്തി താഴത്തു പള്ളി ഓഡിറ്റോറിയത്തിലെ ഉണ്ണി നീലി നഗറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വടക്കുംകൂര്‍ ഹിസ്റ്ററി കൗണ്‍സില്‍ ചെയര്‍മാന്‍, മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു.
കടുത്തുരുത്തിയും സമീപപ്രദേശങ്ങളുമായി ബന്ധപ്പെട്ട വടക്കുംകൂര്‍ രാജ്യത്തിന്റെ ഔദ്യോഗിക ചരിത്രഗ്രന്ഥം ഇതുവരെയും രചിക്കപ്പെട്ടിട്ടില്ല എന്നത് ഗൗരവമായി കണക്കിലെടുത്തുകൊണ്ടാണ് ഹിസ്റ്ററി പ്രമോഷന്‍ കൗണ്‍സില്‍ പുതിയ ഉദ്യമത്തിന് മുന്‍കൈയെടുക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. മതമൈത്രിയുടെയും മതസൗഹൃദത്തിന്റെയും വലിയ സന്ദേശമാണ് വടക്കന്‍കൂര്‍ രാജ്യത്തിന്റെ ചരിത്ര കാലഘട്ടം എന്ന് യോഗത്തില്‍ വടക്കുംകൂര്‍ വിഷയാവതരണം നടത്തിയ മുന്‍ ഡിജിപി, ഡോ. അലക്‌സാണ്ടര്‍ പി ജേക്കബ് പറഞ്ഞു. എഡി 1100 മുതല്‍ 1800 വരെ 700 വര്‍ഷക്കാലം വടക്കന്‍കൂര്‍ രാജഭരണം നടത്തിയിരുന്നതായി ചരിത്രരേഖകള്‍ ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറ് തീരം മുതല്‍ തെക്കേ അതിരായ അതിരമ്പുഴ കോട്ടമുറിയും വേദഗിരി ഭാഗവും കിഴക്ക് തമിഴ്‌നാട് അതിര്‍ത്തിയായും വടക്ക് വൈക്കം ചെമ്പുവരെയും വ്യാപിച്ചു കിടന്നിരുന്ന വിശാലമായ രാജ്യമായിരുന്നു വടക്കുംകൂര്‍.
ചരിത്രത്തില്‍ സിന്ധുദീപം എന്നും കടന്തേരി എന്നും ഇപ്പോള്‍ കടുത്തുരുത്തി എന്നും അറിയപ്പെടുന്നതാണ് നാടിന്റെ പെരുമ. വടക്കും കൂറിന്റെ ചരിത്ര പഠനം ഒരു സാംസ്‌കാരിക വിസ്മയം ആയിട്ടാണ് ഹിസ്റ്ററി പ്രമോഷന്‍ കൗണ്‍സില്‍ കരുതുന്നത്. ഭാവി കാലഘട്ടത്തിലും വരും തലമുറയ്ക്കും വേണ്ടി ഒരു കരുതലായി സൂക്ഷിക്കുവാനുള്ള ചരിത്രഗ്രന്ഥം തയ്യാറാക്കുക എന്നുള്ള ഉദ്യമമാണ് സൊസൈറ്റി ഏറ്റെടുത്തിരിക്കുന്നത്. വടക്കുംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കടുത്തുരുത്തിയില്‍ നിന്നും ഒരു ചരിത്ര ഗ്രന്ഥം തയ്യാറാക്കുവാനുള്ള ഉത്തരവാദിത്വം ചരിത്ര ദൗത്യം ആയാണ് ഹിസ്റ്ററി പ്രമോഷന്‍ സൊസൈറ്റി' കൗണ്‍സില്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനായി കടുത്തുരുത്തി മേഖലയിലെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും ദേവാലയങ്ങളുടെയും ചരിത്രവും ഐതിഹ്യവും രേഖാമൂലം തയ്യാറാക്കി നല്‍കണമെന്ന് അഭ്യര്‍ത്ഥനയും കൗണ്‍സില്‍ മുന്നോട്ടുവച്ചിരുന്നു.
പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കടുത്തുരുത്തിയുടെ ചരിത്രവഴികളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടവാമവുകയായിരുന്നു സെമിനാര്‍. വടക്കുംകൂര്‍ രാജവംശ കുടുംബാംഗം കെ.എസ് സോമവര്‍മ്മ രാജ, സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജോസഫ്, സ്വാഗതസംഘം ചെയര്‍മാന്‍ ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments