കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാതാവ് മരണമടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനമായെത്തിയ പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലേക്ക് കടക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തി. നാലു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടുകള്‍ മറിച്ചും അതിനു മുകളിലൂടെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലേക്ക് കയറുകയും തുടര്‍ന്ന് ജലപീരങ്കി വാഹനം പുറകോട്ട് മാറ്റുകയും ചെയ്തു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരുമായ രാഹുല്‍ മാങ്കൂട്ടവും ചാണ്ടി ഉമ്മനും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അബിന്‍ വര്‍ക്കി തുടങ്ങിയവര്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു.
അപകടത്തില്‍ മരണമടഞ്ഞ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ 5 ലക്ഷം രൂപയുടെ സാന്ത്വന സഹായം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തെ പോലീസിനെ കൊണ്ട് നിയന്ത്രിക്കുവാനോ വഴി തിരിച്ചു വിടുവാനോ കഴിയുകയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടം പറഞ്ഞു. ഭരണകൂടത്തിന്റെ അനാസ്ഥയും പ്രാപ്തിക്കുറവുമാണ് ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ എന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പ്രതികരിച്ചു. വലിയ പൊലീസ് സന്നഹം ബാരിക്കേഡുകള്‍ ഉയര്‍ത്തിയും ജലപീരങ്കി പ്രയോഗിച്ചും ടിയര്‍ ഗ്യാസ് സെല്‍ അടക്കമുള്ള സംവിധാനങ്ങള്‍ കരുതിയും പ്രതിഷേധക്കാരെ നേരിട്ടു. പ്രതിഷേധം ശക്തമായതോടെ കവാടത്തോട് ചേര്‍ന്ന ഭാഗത്തുണ്ടായിരുന്ന വലിയ പ്ലാസ്റ്റിക് ബാരലുകള്‍ പോലീസിന് നേരെ എറിഞ്ഞു. പോലീസിനെ വെല്ലുവിളിച്ചു കൊണ്ട് ബാരിക്കേഡുകള്‍ മറികടന്ന് പലരും എത്തിയെങ്കിലും പോലീസ് സംയമനം പാലിച്ചു.





0 Comments