കടവുപുഴ പാലം പുനര്‍ നിര്‍മ്മാണത്തിന് കേന്ദ്ര സഹായം ഉറപ്പ് ലഭിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി. 2021 ല്‍ ഉണ്ടായ അതി തീവ്ര മഴയെ തുടര്‍ന്ന് തകര്‍ന്നു വീണ കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലവും റോഡും നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര ഗോത്ര കാര്യ വകുപ്പ് മന്ത്രി ജൂവല്‍ ഓറം ഉറപ്പ് നല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി,മാണി സി.കാപ്പന്‍ എം.എല്‍.എ എന്നിവര്‍ അറിയിച്ചു.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ഏക പട്ടിക വര്‍ഗ്ഗ ഗ്രാമ പഞ്ചായത്തായ മൂന്നിലവിലെ കടവുപുഴ പാലവും അപ്രോച്ച് റോഡും അടിയന്തിരമായി പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതാണ് ഇക്കാര്യം.പാലം തകര്‍ന്നതോടെ മൂന്നിലവ് പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും സഞ്ചാരം ദുഷ്‌കരമായിരിക്കുകയാണ്. ആശുപത്രികള്‍, സ്‌കൂള്‍,കോളജ് എന്നിവിടങ്ങളിലേക്ക് ജനങ്ങള്‍ക്ക് പോകാന്‍ 20 കിലോമീറ്ററിലധികം കൂടുതലായി യാത്ര ചെയ്യേണ്ട സ്ഥിതി ആണ് ഇപ്പോള്‍ ഉള്ളതെന്ന് ചര്‍ച്ചയില്‍ ഫ്രാന്‍സിസ് ജോര്‍ജ് മന്ത്രിയെ ധരിപ്പിച്ചു.പാലം തകര്‍ന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പുനര്‍ നിര്‍മ്മിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. പാലം പുനര്‍ നിര്‍മ്മാണത്തിനായി മാണി.സി.കാപ്പന്‍ എം.എല്‍.എ നിരന്തരമായി ശ്രമിച്ചു വരുകയായിരുന്നു. പൊതു മരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പാലം പുതുക്കി പണിയാന്‍ 2.5കോടിയും മേച്ചാലിലേക്കുള്ള 7.5 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 15 കോടിയും ഉള്‍പ്പെട്ടെ 17.5 കോടി രൂപ അനുവദിക്കണമെന്നാണ് ചര്‍ച്ചയില്‍ ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടത്.പട്ടിക വര്‍ഗ്ഗ വിഭാഗത്തിനുള്ള പ്രത്യേക സ്‌കീമില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി യും മാണി.സി. കാപ്പന്‍ എം.എല്‍.എയും പറഞ്ഞു.
0 Comments