കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പാലാ ഗാഡേലൂപ്പെ ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും, ധര്‍ണയും നടത്തി. സമ്മേളനം മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാദര്‍ ജോഷി പുതുപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. ഭാരതാംബയുടെ നെഞ്ചിലെ വ്രണമായി ഛത്തീസ്ഗഡ് സംഭവം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു കൈയ്യില്‍ പേപ്പല്‍ പതാകയും മറുകൈയില്‍ എരിയുന്ന പ്രതിഷേധ ജ്വാലയുമായി ഗ്വാഡെലൂപ്പെ ഇടവകയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.ഉത്തരേന്ത്യയിലെ ജാതി വ്യവസ്ഥകളില്‍ വന്ന മാറ്റം ഒരു വിഭാഗത്തെ രോഷം കൊള്ളിച്ചതാണ് ഛത്തീസ്ഗഡ് സംഭവത്തിലെ യഥാര്‍ത്ഥ കാരണമെന്നു കര്‍മ്മലീത്ത മിഷനറിയംഗം ഫാ. തോമസ് തോപ്പില്‍ അഭിപ്രായപ്പെട്ടു. പിന്നോക്ക സമുദായത്തില്‍പെട്ടവര്‍ വിദ്യാസമ്പന്നരാവുമ്പോള്‍ ജോലി ചെയ്യുവാന്‍ ആളെ കിട്ടാതാകുന്നതാണ് സമ്പന്നര്‍ മിഷനറിമാര്‍ക്കെതിരെ തിരിയുവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വികസന സമിതി ജോയിന്റ് സെക്രട്ടറി ഷെറിന്‍ കെ.സി, ജോസ് വര്‍ക്കി , ജൂബി ജോര്‍ജ്, ഇടവക സമിതി സെക്രട്ടറി എബിന്‍ ജോസഫ്, ഇടവക വികസന സമിതി സെക്രട്ടറി എം.പി മണിലാല്‍, ട്രസ്റ്റി ജോര്‍ജ് പള്ളിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.ടോബിന്‍ കെ അലക്‌സ് ,ജോസുകുട്ടി പൂവേലില്‍,ജിഷോ ചന്ദ്രന്‍കുന്നേല്‍, ടോമി തകിടിയേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments