ഭാരതത്തിലെ ഏക വൈഷ്ണവ ഗണപതി ക്ഷേത്രമായ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. രാവിലെ 10.30 ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യ കര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിന്റെ മുന്‍വശത്ത് ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സമാധി മണ്ഡപം മുതല്‍ കിഴക്കേ ഗോപുരം വരെയുളള ക്ഷേത്രാങ്കണം കരിങ്കല്‍ വിരിച്ച് നവീകരിച്ചു
.വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മള്ളിയൂരിലേക്ക് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കും. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വിനായകചതുര്‍ത്ഥി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും പറഞ്ഞു. ആഗസ്റ്റ് 27 ന് വിനായക ചതുര്‍ത്ഥി ദിനത്തില്‍ 10,008 നാളികേര മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടക്കും . നടി ശോഭന, ശരത്, ടി.എസ് രാധാകൃഷ്ണ ജി എന്നിവര്‍ കലാമണ്ഡപത്തിലും താളവാദ്യ കുലപതികളായ മട്ടന്നൂരും, പെരുവനവും, കിഴക്കൂട്ടും, ചേരാനല്ലൂരും ക്ഷേത്രാങ്കണത്തിലും രാഗതാളമേള വിസ്മയം തീര്‍ക്കും. കൊടിയേറ്റു ദിവസം വൈകിട്ട് ഏഴിന് കോട്ടയ്ക്കല്‍ പി.എസ്.വി നാട്യ സംഘം കഥകളി അവതരിപ്പിക്കും. ആഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് ഏഴിന് നടി പത്മഭൂഷണ്‍ ശോഭനയുടെ ഭരതനാട്യം അരങ്ങേറും. 25 തിങ്കളാഴ്ച വൈകിട്ട് 7ന് സമന്വയ - സംഗീത പരിപാടി - പ്രസിദ്ധ സംഗീത സംവിധായകന്‍ ശരത്തും പ്രകാശ് ഉള്ള്യേരിയും അവതരിപ്പിക്കും. 27 ന് വിനായക ചതുര്‍ഥി ദിനത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മിത്വത്തില്‍ 10 ,008 നാളികേര മഹാഗണപതിഹോമം നടക്കും. രാവിലെ 11ന് മഹാഗണപതിഹോമ ദര്‍ശനം. ഉച്ചയ്ക്ക് 12ന് പ്രത്യക്ഷ ഗണപതി സങ്കല്പത്തില്‍ ഗജപൂജയും ആനയൂട്ടും നടക്കും.. 12 ഗജവീരന്മാര്‍ അണിനിരക്കും. മേള പ്രമാണി പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ 120 ഓളം പ്രഗത്ഭ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം. വൈകുന്നേരം 3.30ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ നാമ സങ്കീര്‍ത്തനം. മേള ചക്രവര്‍ത്തിയായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം. തുടര്‍ന്ന് തൃശ്ശൂര്‍ പൂരത്തിന്റെ ആവേശമായ പാറമേക്കാവ് ദേവസത്തിന്റെ കുടമാറ്റം. രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവ നടക്കും. ആറാട്ട് ദിനമായ 28 ന് വൈകുന്നേരം 4 30ന് ഗണേശ ഭഗവാന്റെ ആറാട്ട് പുറപ്പാട്, രാത്രി 7 30ന് ആറാട്ട് സദ്യയും ഉണ്ടായിരിക്കും.
0 Comments