മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തകത്തിന്റെ രചയിതാവ് ഗോവര്‍ണദോര്‍ പാറേമാക്കല്‍ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം സെപ്റ്റംബര്‍ 10 ന് ജന്മനാടായ കടനാട്ടില്‍ നടക്കും.മലങ്കരയിലെ മാര്‍ത്തോമാ നസ്രാണി സമുദായത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം യത്‌നിക്കുകയും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകള്‍ നല്‍കുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു പാറേമാക്കല്‍ മാര്‍ തോമാ കത്തനാര്‍ . സെപ്റ്റംബര്‍ പത്താം തീയതി വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ പാലാ രൂപത ബിഷപും സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് , കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ചെയര്‍മാന്‍ അലക്‌സിയോസ് മാര്‍ യൗസേബിയൂസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
പാലാ രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപറമ്പില്‍, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴ, രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ടോമി കല്ലാനി, ഷെവ. ഉമ്മച്ചന്‍ വേങ്കടത്ത് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. 1736 സെപ്റ്റംബര്‍ 10ന് കടനാട്ടില്‍ ജനിച്ച മാര്‍ തോമ്മാ കത്തനാരുടെ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലുള്ള എട്ടുവര്‍ഷം നീണ്ട ക്ലേശകരമായ റോമാ - പോര്‍ച്ചുഗല്‍ യാത്രയും മടങ്ങി വന്നതിനുശേഷം ഉള്ള സഭാ - സമുദായ നേതൃത്വവും ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്തെ സാഹസിക നേതൃത്വവും യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തകത്തിന്റെ രചനയും എല്ലാം അദ്ദേഹത്തെ അതുല്യപ്രതിഭയാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിലെ സഭൈക്യ മുന്നേറ്റങ്ങള്‍ യൂറോപ്പിലും മറ്റും ഉടലെടുക്കുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ സഭകളുടെ ഐക്യം പ്രാവര്‍ത്തികമാക്കിയ ദീര്‍ഘദര്‍ശി, സ്വജാതിയില്‍ നിന്ന് നേതൃത്വം അനുവദിക്കാതെ വിദേശികളാല്‍ ഭരിക്കപ്പെടുന്ന സഭയുടെ സ്വാതന്ത്ര്യസമര പോരാളി, നാട്ടുരാജ്യങ്ങളായി ചിതറി കിടക്കുമ്പോഴും ഒരൊറ്റ ഇന്ത്യ എന്ന ദേശീയ വാദത്തിന്റെ തുടക്കക്കാരന്‍ ഒക്കെ ആയി അതിപ്രധാന്യമുള്ള ഈ വ്യക്തിത്വത്തിന്റെയും സഭാ ചരിത്രത്തിന്റെയും അറിവും ശ്രേഷ്ഠതയും അയവിറക്കാനും പുതിയ തലമുറയിലേക്ക് പകരാനും ആണ് പാറേമ്മാക്കല്‍ ജയന്തി ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടിയുടെ വിജയത്തിന് വൈദികരും കൈക്കാരന്മാരും പാറേമ്മാക്കല്‍ കുടുംബയോഗ പ്രതിനിധികളും അല്‍മായരുമടങ്ങുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. സിറിള്‍ തയ്യില്‍, സെന്നിച്ചന്‍ കുര്യന്‍,ബിനു വള്ളോംപുരയിടം, ബെന്നി ഈന്തനാക്കുന്നേല്‍, തോമസ് കാവുംപുറം തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments