അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. കേസന്വേഷണ തിരക്കുകള്‍ക്ക് അല്പം ഇടവേള നല്‍കി പോലീസുദ്യോഗസ്ഥര്‍ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ ഒത്തു ചേര്‍ന്നു. കാക്കി യൂണിഫോം മാറ്റിവച്ച് ഒരേ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞ് പുരുഷ പോലീസും കേരള സാരിയണിഞ്ഞ് വനിതാ പോലീസും ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു.
തിരുവോണ നാളുകളില്‍ നാടെങ്ങുമുള്ള ആഘോഷം അതിരുകടക്കാതിരിക്കാന്‍ പോലീസിന് പിടിപ്പതു പണിയുള്ളതു കൊണ്ട് ഓണത്തിരക്കിലേക്ക് കടക്കും മുന്‍പെ ഒരുമിച്ചു ചേര്‍ന്ന് ഓണസദ്യയുണ്ട് ഓണാശംസകള്‍ കൈമാറി ഓണമാഘോഷിക്കുകയായിരുന്നു പോലീസുകാര്‍. കസേരകളിയും ഓണപ്പാട്ടും ആര്‍പ്പ് വിളികളുമായാണ് അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടന്നത്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നൃത്തച്ചുവടുകള്‍ വച്ച് ഓണപ്പാട്ടുകള്‍ പാടിയാണ് ആഘോഷം കളറാക്കിയത്. പോലീസ് സ്റ്റേഷനു മുന്നില്‍ വലിയ പൂക്കളം തീര്‍ത്താണ് ആഘോഷത്തിന് തുടക്കമിട്ടത്. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം സിനിമാ നടന്‍ കോട്ടയം രമേശ് നിര്‍വഹിച്ചു. ഡിവൈഎസ്പി അനീഷ് എസ്എച്ച്ഒ അനൂപ് ജോസ് , എസ്.ഐ സജു ലോക്കോസ്, എഎസ്‌ഐ മാരായ സുജിത്ത്, രാജു ജേക്കബ് , ജെയ്‌സണ്‍ ,പിആര്‍ഓ പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുപ്പതോളം പോലീസുകാരും അവരുടെ കുടുംബാംഗങ്ങളും ഓണാഘോഷത്തില്‍ പങ്ക് ചേര്‍ന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.





0 Comments