ശാസ്ത്രനേട്ടങ്ങള്‍ ഉള്‍ക്കൊണ്ടും ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയും കാര്‍ഷിക മേഖലയില്‍ കേരളം വലിയ മുന്നേറ്റങ്ങള്‍ നടത്തുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വിഷ രഹിത പച്ചക്കറികള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. തരിശു ഭൂമിയില്‍ കൃഷിയിറക്കി പൂ കൃഷിയില്‍ പോലും കേരളം സമീപകാലത്ത് നേട്ടങ്ങള്‍ കൈവരിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു. കോഴാ ഫാം ഫെസ്റ്റ് -'ഹരിതാരവം 2കെ25' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോഴായിലെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാര്‍ഷിക പരിശീലന കേന്ദ്രം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിപാടി. കാര്‍ഷികാനുബന്ധ പ്രദര്‍ശന സ്റ്റാളുകള്‍, നെല്ല്, തെങ്ങ്, പച്ചക്കറി കൃഷികളിലെ നൂതന വിഷയങ്ങളിലുള്ള സെമിനാറുകള്‍, ഭക്ഷ്യമേള, കലാസന്ധ്യ, നെല്‍കൃഷിയിലെ അനുഭവ പരിചയം, കുട്ടികര്‍ഷക സംഗമം, രുചിക്കൂട്ട് സംഗമം, ഫാം തൊഴിലാളി ജീവനക്കാരുടെ സംഗമം, പെറ്റ് ഷോ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. സാംസ്‌കാരിക ഘോഷയാത്ര, കലാസന്ധ്യ, സൗഹൃദ സദസുകള്‍, ഫണ്‍ ഗെയിംസ്, ലക്കി ഡ്രോ, സെല്‍ഫി പോയിന്റുകള്‍, കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ക്വിസ്, നാടന്‍ പാട്ട്, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിങ്, മഡ് ഗെയിംസ്, തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും.
0 Comments