ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ നടന്നു. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലില്‍ രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവാ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഉച്ചനമസ്‌കാരത്തെത്തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു നടതുറക്കല്‍. തിങ്കളാഴ്ചയാണ് പ്രധാന പെരുന്നാള്‍ ആഘോഷങ്ങള്‍. അങ്കമാലി ഭദ്രാസന പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം തിങ്കളാഴ്ച നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണത്തോടെയും വൈകുന്നേരം മൂന്നിന് നടക്കുന്ന നേര്‍ച്ചവിളമ്പോടെയും പെരുന്നാള്‍ സമാപിക്കും. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാര്‍ഥനയോടെയാണ് നടയടയ്ക്കുക.


.webp)


0 Comments