ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കുറവിലങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ പട്ടിത്താനം രത്‌നഗിരി ഭാഗത്ത് താമസിച്ചിരുന്ന ഉഴവൂര്‍ അരീക്കര കപ്പടക്കുന്നേല്‍ സാം കെ ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്. 59 കാരനായ ഇയാളുടെ ഭാര്യ പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിനി ജെസ്സിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് . പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭാര്യയുമായി അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന പ്രതിയുടെ പരസ്ത്രീ ബന്ധം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോട്ടയം എസ് പി ഷാഹുല്‍ ഹമീദ് പറഞ്ഞു.
ഇയാള്‍ക്കൊപ്പം എം.ജി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുവാന്‍ എത്തിയ ഇറാനിയന്‍ സ്വദേശിനിയുമായി സൗഹൃദത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ നിലവില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് കൊലപാതകവുമായി പങ്കില്ലെന്നും എസ്.പി പറഞ്ഞു. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൊടുപുഴയ്ക്ക് സമീപം കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഉടുമ്പന്നൂര്‍ ഭാഗത്ത് റോഡില്‍ നിന്നും 30 അടിയിലധികം താഴ്ചയുള്ള ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. പോലീസ് മാന്‍ മിസിംഗ് കേസില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഇറാനിയന്‍ യുവതിയും ഉണ്ടായിരുന്നു. പ്രതി സ്വയം തയ്യാറെടുപ്പുകള്‍ നടത്തിയാണ് കൊലപാതകം നടത്തിയത് എന്ന സൂചനയാണ് പോലീസ് കൈമാറുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫാമിലി കോടതിയിലും മറ്റും കേസുകള്‍ നിലനിന്നിരുന്നു. IT പ്രൊഫഷനലായ പ്രതി എം.ജി യൂണിവേഴ്‌സിറ്റിയില്‍ ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സ് പഠിക്കുന്നുണ്ട്. കോഴ്‌സ് പഠിക്കാന്‍ എത്തിയ ഇറാനിയന്‍ യുവതിയെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്താണ് പ്രതി സുഹൃദ് വലയത്തില്‍ എത്തിച്ചതെന്നും സൂചനയുണ്ട്. കഴിഞ്ഞ 26 മുതല്‍ ജെസ്സിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് മക്കള്‍ ബന്ധുക്കളുടെ സഹായം തേടിയത്. തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയും ജസിയും തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പെപ്പര്‍ സ്‌പ്രേ അടിച്ച ശേഷം ശേഷം തോര്‍ത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി ഉടുമ്പന്നൂര്‍ ചെപ്പുകുളത്തെത്തി കൊക്കയിലെറിയുകയായിരുന്നു. അവിടെ നിന്നും ഇയാള്‍ മൈസൂരിലേക്ക് കടക്കുകയായിരുന്നു. അരീക്കരയില്‍ ഇയാള്‍ക്ക് നാലര ഏക്കര്‍ ഭൂമിയും ഗോവയിലും കോവളത്തും ഫ്‌ളാറ്റുകളുമുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നതായി പോലീസ് അധികൃതര്‍ പറഞ്ഞു. കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വൈക്കം ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. ജെസ്സിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.





0 Comments