ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡില്‍ പ്രഭാത സായാഹ്ന സവാരിക്ക് ഇറങ്ങുന്നവര്‍ക്ക് ഭീഷണിയായി കവര്‍ച്ചാസംഘം. ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസ് റോഡില്‍ രാവിലെയും വൈകുന്നേരവും നടക്കുവാനും ഓടുവാനും ഇറങ്ങുന്നവര്‍ക്ക് നേരെ തുടര്‍ച്ചയായി അക്രമം നടക്കുന്നതായി ആക്ഷേപമുയരുന്നു. വഴി ചോദിക്കുവാന്‍ എന്ന വ്യാജേന വിജനമായ സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയാണ് കവര്‍ച്ച നടത്തുന്നത്. കഴിഞ്ഞദിവസം രാവിലെ ചെറുവാണ്ടൂരിലെ വീട്ടില്‍ നിന്നും ഏറ്റുമാനൂരിലേക്ക് നടന്നുവന്ന മധ്യവയസ്‌കന്റെ മാല പൊട്ടിച്ചെടുക്കുവാന്‍ ഒരു സംഘം ശ്രമിച്ചെങ്കിലും ഇയാള്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ബൈക്കില്‍ എത്തിയ യുവാവും യുവതിയും റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ച് റിട്ടയേഡ് ഉദ്യോഗസ്ഥന്റെ മാല മോഷ്ടിക്കുവാന്‍ നടത്തിയ ശ്രമം മറ്റ് വഴിയാത്രക്കാര്‍ ഇടപെട്ട് തടയുകയായിരുന്നു. രക്ഷകരായ എത്തിയ ആളുകളോടും ഇവര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചിരുന്നു. ഒരാഴ്ച മുന്‍പ് പുലര്‍ച്ചെ പള്ളിയിലേക്ക് പോയ വയോധികരുടെ നാലു പവന്‍ വരുന്ന മാല ചെറുവാണ്ടൂരില്‍ പള്ളിക്ക് സമീപം വെച്ച് കവര്‍ച്ചാസംഘം തട്ടിയെടുത്തിരുന്നു. പട്ടിത്താനത്തിനും പാറകണ്ടം ജംഗ്ഷനും ഇടയില്‍ വിജനമായ ഭാഗങ്ങളിലാണ് ഇത്തരം സംഘങ്ങളുടെ ശല്യമുള്ളത്. ഈ പ്രദേശങ്ങളിലെ കവര്‍ച്ചാ സംഘങ്ങളെ പിടികൂടാന്‍ പോലീസിന്റെ പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.





0 Comments