ഏത്തക്കായ്ക്ക് വില ഇടിഞ്ഞതോടെ ഏത്തവാഴ കൃഷി നടത്തിയ കര്‍ഷകര്‍ ദുരിതത്തിലായി. ഒരു കിലോ എത്തക്കായയ്ക്ക് 25 രൂപയില്‍ താഴെ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പത്തുകിലോ തൂക്കമുള്ള ഏത്തക്കുലയ്ക്ക് 250 രൂപയില്‍ താഴെ മാത്രം വില ലഭിക്കുമ്പോള്‍ ഉത്പാദന ചെലവു പോലും ലഭിക്കാത്ത ഗതികേടിലാണ് കര്‍ഷകര്‍.
പ്രതീക്ഷയോടെ ഏത്തവാഴ കൃഷി നടത്തിയ ജില്ലയിലെ നല്ലൊരു വിഭാഗം കര്‍ഷകരാണ് വിലയിടിവു മൂലം പ്രതിസന്ധിയിലായത്. കനത്ത കാറ്റും മഴയും അതിജീവിച്ച് രോഗകീടങ്ങളുടെ അക്രമത്തില്‍ നിന്നും സംരക്ഷിച്ച് ഉല്‍പാദിപ്പിച്ച വാഴക്കുലകള്‍ക്ക് വില കുറഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് കര്‍ഷകര്‍. കാര്‍ഷിക മേഖലയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരും കൃഷിവകുപ്പും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങേണ്ടിവരുമെന്നും കര്‍ഷകര്‍ പറയുന്നു. ക്രിസ്തുമസ് പടിവാതിക്കല്‍ എത്തിയതോടെ ആഘോഷ വേളകളില്‍ ഉപയോഗം വര്‍ധിക്കുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടെന്ന് കര്‍ഷകര്‍ പറയുന്നു. ശബരിമല തീര്‍ഥാടന കാലവും ക്രിസ്മസുമായി ബന്ധപ്പെട്ടും മാര്‍ക്കറ്റില്‍ വിലവര്‍ധനയുണ്ടായില്ല. വിലയിടിവ് മൂലം ഏത്തവാഴ കര്‍ഷകര്‍ കനത്ത സാമ്പത്തിക ബാധ്യതയിലായിരിക്കുകയാണ്. കൃഷി വകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ഇടപെടല്‍ വിഷയത്തിലുണ്ടാകണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ് . മൂപ്പെത്തിയ വാഴക്കുലകള്‍ വെട്ടി വി.എഫ്.പി.സി.കെയുടെ യുടെ സംഭരണ കേന്ദ്രങ്ങളിലെത്തിച്ച് നെല്‍ക്കര്‍ഷകരെ പോലെ കാത്തുനില്‍പ്പ് തുടരുകയാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് ഉത്പാദന ചെലവുപോലും ലഭിക്കുന്നില്ലെങ്കിലും വിപണിയിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് പലപ്പോഴും കുറഞ്ഞ നിരക്കില്‍ ഏത്തക്കായും ഏത്തപ്പഴുമൊന്നും ലഭിക്കാറില്ല . കര്‍ഷകര്‍ ദുരിതത്തിലാവുമ്പോഴും ഇടനിലക്കാര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന അവസ്ഥയാണുള്ളത്.മിതമായ ലാഭത്തില്‍ ഏത്തക്കായും എത്തപ്പഴവും ഉപഭോക്കക്കള്‍ക്ക് ലഭ്യമാക്കി കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിനാനുപാതികമായ വില ഉറപ്പാക്കാന്‍ നടപടി വേണമെന്ന ആവശ്യമാണുയരുന്നത്.





0 Comments