പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് വേറിട്ട ശൈലിയിലുടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച  നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഓര്‍മ്മയാകുമ്പോള്‍  വലിയൊരു നഷ്ടബോധമാണ് സിനിമാ പ്രേക്ഷകര്‍ക്കുണ്ടാകുന്നത്. ശ്രീനിവാസന്റെ വേര്‍പാട് മേലുകാവിന് ഒരു സ്വകാര്യ ദുഃഖം കൂടിയാണ്. കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ഏറെ വ്യത്യസ്തനായ ബാര്‍ബര്‍ ബാലന്റെ കഥ പറയാന്‍  മേലുകാവിലെത്തിയ ശ്രീനിവാസന്‍  നാട്ടുകാരുടെ മനം കവര്‍ന്നാണ് മടങ്ങിയത്. 
പാലാ മേലുകാവുമറ്റം റോഡിലെ കുരിശിങ്കലിലായിരുന്നു ഷൂട്ടിംഗ്. 18 വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ ഇപ്പൊഴും പ്രദേശവാസികളുടെ മനസ്സില്‍ മായാത്ത ഓര്‍മ്മകളാണ്. ജംഗ്ഷനിലെ കുര്യാച്ചന്റ പലചരക്കുകടയാണ് ബാലന്റെ ബാര്‍ബര്‍ ഷോപ്പായി മാറിയത്. കുര്യാച്ചന്‍ തന്നെയാണ് ഇപ്പോഴും  കൃപാ സ്റ്റോഴ്‌സ് എന്ന കട നടത്തുന്നത്. ജംഗ്ഷനില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന രാജുവിന് ബാര്‍ബറാം ബാലനെ എന്ന പാട്ടിന്റ ചിത്രീകരണത്തില്‍ ശ്രീനിവാസനെ തോളിലേറ്റിയതിന്റെ ഓര്‍മകളാണുള്ളത്. ശ്രീനിവാസന്‍ മുടി മുറിച്ച റെജി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. ഒരു മാസക്കാലത്തോളം മേലുകാവിന്റെ ഗ്രാമീണ ഭംഗി ആസ്വദിച്ച് നാട്ടുകാരുമായി സ്‌നേഹം പങ്കിട്ടു മടങ്ങുകയായിരുന്നു ശ്രീനിവാസന്‍. മേലുകാവിലെ കുരിശിങ്കല്‍ ജംഗഷന് ഇപ്പോഴും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ശ്രീനിവാസന്‍ അവതരിപ്പിച്ച ഹൃദയസ്പര്‍ശിയായ കഥാപാത്രങ്ങളിലൊരാളായ ബാര്‍ബര്‍ ബാലന്‍ കുരിശിങ്കലിനെ ലോക പ്രശസ്തമാക്കുകയായിരുന്നു. വേറിട്ട ശൈലിയിലൂടെ മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ശ്രീനിവാസന്‍ കടന്നു പോകുമ്പോള്‍ മേലുകാവുകാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ബാര്‍ബര്‍ ബാലനെ നഷ്ടപ്പെട്ടതിലുള്ള ദുഃഖമാണുള്ളത്. ഹൃദയസ്പര്‍ശിയായ കഥാപാത്രങ്ങളും ചിരിയില്‍ പൊതിഞ്ഞ് അവതരിപ്പിച്ച ആശയങ്ങളും നര്‍മത്തില്‍ ചാലിച്ച നൊമ്പരങ്ങളും ശ്രീനിവാസനെ വ്യത്യസ്തനാക്കുമ്പോള്‍ ശ്രീനിവാസന്‍ അഭിനയിച്ച സിനിമകളും തിരക്കഥയെഴുതിയ സിനിമകളും മാത്രമല്ല സിനിമയ്ക്കപ്പുറം ജനങ്ങള്‍ സ്വീകരിച്ച തകര്‍പ്പന്‍ ഡയലോഗുകളും മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്റെ ശാശ്വത സ്മാരകങ്ങളാവും.