പാലാ കെ.എം മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ രണ്ട് സെക്കന്റില്‍ എക്‌സ് റേ ലഭിക്കുന്ന ഡിജിറ്റല്‍ എക്‌സ് റേ മെഷീന്‍ കമ്മീഷന്‍ ചെയ്തു. 1 കോടി 79 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു. ആരോഗ്യ സുരക്ഷയ്ക്കായുള്ള സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയെ ഏറ്റവും മികച്ചതും രോഗീ സൗഹൃദവുമായ ആരോഗ്യ പരിരക്ഷാ കേന്ദ്രമാക്കി മാറ്റുവാന്‍ നഗരസഭയുടെ ഇടപെടലുകളിലൂടെ കഴിഞ്ഞുവെന്ന് തോമസ് പീറ്റര്‍ പറഞ്ഞു.
മികച്ച ആരോഗ്യ സേവനങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുവാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു. ക്യാന്‍സര്‍, ഡയാലിസിസ് ചികിത്സകളില്‍ മെച്ചപ്പെട്ട സേവനമാണ് ലഭ്യമാക്കുന്നത്. കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റ് നിരവധി പേര്‍ക്ക് സഹായകരമായി. ജോസ് കെ.മാണി എം.പിയുടെ ഇടപെടലില്‍ ലഭ്യമാകുന്ന സി.ടി.സ്‌കാന്‍ മെഷീനും ക്യാന്‍സര്‍ ചികിത്സക്കായുള്ള സിമുലേറ്ററും ,അള്‍ട്രാ സൗണ്ട് സ്്കാനറും, റേഡിയേഷന്‍ ഉപകരണവും പുതുവര്‍ഷ സമ്മാനമായി ആശുപത്രിക്ക് സ്വന്തമാകും. എം.ആര്‍.ഐ ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ക്കായും കൂടുതല്‍ ചികിത്സാ വിഭാഗങ്ങള്‍ക്കായും അഭ്യര്‍ത്ഥിച്ചിട്ടുള്ളതായും ചെയര്‍മാന്‍ പറഞ്ഞു. ഇതിനാവശ്യമായ മന്ദിര നിര്‍മ്മാണം പൂര്‍ത്തിയാവുകയും ഉപകരണങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കി കഴിഞ്ഞുവെന്നും തോമസ് പീറ്റര്‍ അറിയിച്ചു. പാര്‍ക്കിoഗ് ഏരിയ വിസ്തൃതമാക്കും. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ എകസ് റേ യൂണിറ്റ് സ്ഥാപിച്ചത്. രണ്ട് സെക്കന്റു കൊണ്ട് മികവാര്‍ന്ന എക്‌സറേ ചിത്രങ്ങള്‍ ലഭ്യമാകുമെന്നതാണ് ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ മേന്മ. റോബോട്ടിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സാംസംഗ് കമ്പനി നിര്‍മ്മിച്ച ഉപകരണമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം നിരവധി പേര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ എക്‌സറേ സൗകര്യം ലഭ്യമാക്കുവാന്‍ ഈ ഉപകരണത്തിന് കഴിയും. ഫുള്ളി ഓട്ടോമേറ്റഡ് റിമോര്‍ട്ട് കണ്‍ട്രോള്‍ സിസ്റ്റമനുസരിച്ചാണ് പ്രവര്‍ത്തിപ്പിക്കുക. ആരോഗ്യ വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഇത്തരമൊരു എക്‌സ് റേ ഉപകരണം സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാനും മാനേജിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ തോമസ് പീറ്റര്‍ പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റ് ആശുപത്രികളില്‍ നിന്നും ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ നിരക്ക് മാത്രം ഈടാക്കി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതിലേക്കായി മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെയും നിയോഗിച്ചു. പാലാ മേഖലയില്‍ രാത്രികാല എക്‌സറേ സൗകര്യത്തിന്റെ കുറവ് പരിഹരിക്കുവാന്‍ കഴിഞ്ഞു. യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ജോസ് പടിഞ്ഞാറേക്കര, ഷാജു തുരുത്തന്‍, ജോസിന്‍ ബിനോ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി ,ബിജു പാലൂപ്പടവന്‍, ജയ്‌സണ്‍ മാന്തോട്ടം, പി.കെ. ഷാജകുമാര്‍, ഡോ.രേഷ്മാ സുരേഷ്, ഡോ.രാജേഷ് ബാബു എന്നിവരും പങ്കെടുത്തു.





0 Comments