കലയും സാഹിത്യവും കുട്ടികളില്‍ കേവലം വിനോദ ഉപാധികള്‍ മാത്രമല്ലെന്നും, അവ വ്യക്തിത്വ വികാസത്തിനും ബൗദ്ധികമായ ഔന്നത്യത്തിനും അടിത്തറ പാകുന്നവയാണെന്നും സഹകരണ- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഇരുപത്തിയൊന്നാമത് ബാലകലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം ലോകത്തെയും ജീവിതത്തെയും തിരിച്ചറിയാനുള്ള വിവേകവും വിജ്ഞാനവും കലാപ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് ആര്‍ജ്ജിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ഗ്ഗാത്മകമായ ഇത്തരം വേദികള്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
22 സ്‌കൂളുകളില്‍ നിന്നായി മുന്നൂറിലേറെ വിദ്യാര്‍ത്ഥികളാണ് എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നടന്ന പന്ത്രണ്ട് ഇന മത്സരങ്ങളില്‍ മാറ്റുരച്ചത്. ഉദ്ഘാടന യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഷൈജു തെക്കുംപേരില്‍, ലൈബ്രറി വൈസ് പ്രസിഡന്റ് ഡോ. വിദ്യ ആര്‍. പണിക്കര്‍, മുന്‍ പ്രസിഡന്റ് എന്‍. അരവിന്ദാക്ഷന്‍ നായര്‍, എന്‍ജിനീയര്‍ ഷെമി മുഹമ്മദ്, കണ്‍വീനര്‍ ഡോ. രാകേഷ് പി. മൂസ്സത് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് എന്‍ഡോവ്മെന്റ് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റും പുസ്തകങ്ങളുമാണ് സമ്മാനിക്കുന്നത്.





0 Comments