ശാസ്ത്രപഠനം ക്ലാസ് മുറികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, പ്രായോഗിക പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്‌ക് വിഭാവനം ചെയ്ത മഴവില്ല് ശാസ്ത്രപഠന പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂരില്‍ ശാസ്ത്രപ്രദര്‍ശനം നടന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് വിപുലമായ ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചത് . പദ്ധതിയുടെ ഭാഗമാകുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആണ് പ്രദര്‍ശനം നടത്തിയത്. ജീവന്റെ അടിസ്ഥാനമായ കോശങ്ങളില്‍ തുടങ്ങി, പരീക്ഷണങ്ങളും, മോഡലുകളും, ചാര്‍ട്ടുകളും, ദ്രവ്യത്തിന്റെ അവസ്ഥമാറ്റങ്ങളും, സൗരയൂഥവും എല്ലാം പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു. നഗരസഭാംഗം സൂസി തോമസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ജയകുമാര്‍ അധ്യക്ഷനായിരുന്നു. മഴവില്ല് പദ്ധതിയുടെ പ്രോഗ്രാം എക്സിക്യുട്ടിവ് ശ്രീഹരി , സ്‌കൂള്‍ മാനേജര്‍ സുനിത, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നടന്ന മഴവില്ല് ശാസ്ത്ര പ്രദര്‍ശനങ്ങള്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുവാന്‍ അവസരമൊരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കുന്ന പഠന സംസ്‌കാരം രൂപപ്പെടുത്തുകയാണ് മഴവില്ല് ശാസ്ത്ര പ്രദര്‍ശനം ലക്ഷ്യമിടുന്നത്.





0 Comments