പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാന്തോം സിഗ്‌നേച്ചര്‍ പദ്ധതിയുടെ ഭാഗമായി അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ വളര്‍ച്ചയെ ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2025- 2026 അദ്ധ്യയന വര്‍ഷം സാന്തോം സിഗ്‌നേച്ചര്‍ പദ്ധതി നടപ്പാക്കിയത്. പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി ഇത്തരം ഒരു പദ്ധതി രൂപകല്പന ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അനുമോദിക്കുകയും ചെയ്തു.
പാലാ കോര്‍പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി മാനേജര്‍ റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യാതിഥിയായിരുന്നു. സാന്തോം സിഗ്‌നേച്ചര്‍ പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി മിന്നാ ആന്‍ നിജോയ് സാന്തോം സിഗ്‌നേച്ചര്‍ സ്റ്റാര്‍ എന്ന പദവി കരസ്ഥമാക്കി. പ്ലസ് ടു വിദ്യാര്‍ത്ഥിനി അലോണ ബാബു സാന്തോം സിഗ്‌നേച്ചര്‍ സ്‌കോളര്‍ അവാര്‍ഡിന് അര്‍ഹയായി. +2 A ക്ലാസ് ഗോള്‍ഡന്‍ സിഗ്‌നേച്ചര്‍ ക്ലാസ് സമ്മാനവും +2 C ക്ലാസ് സില്‍വര്‍ സിഗ്‌നേച്ചര്‍ ക്ലാസ് സമ്മാനവും നേടി. വിജയികളെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ മാത്യു അഭിനന്ദിച്ചു.സ്‌കൂള്‍ പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ തികച്ചും വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായാണ് സാന്തോം സിഗ്‌നേച്ചര്‍ പദ്ധതി നടപ്പിലാക്കിയത്. കുട്ടികളുടെ അച്ചടക്കം, പഠന പ്രവര്‍ത്തനങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നീ മൂന്ന് മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു പദ്ധതിയുടെ പ്രവര്‍ത്തനം. ക്ലാസ് മുറികളുടെ വൃത്തി, ചിട്ടയായ യൂണിഫോം ധാരണം, സ്‌കൂളിലെ പൊതുപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, സ്‌കൂള്‍ ലൈബ്രറിയുടെ ഉപയോഗം തുടങ്ങിയവ കുട്ടികളില്‍ കൂടുതലായി വളര്‍ത്തിയെടുക്കുവാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു.





0 Comments