പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്കേറ്റവും പ്രതിപക്ഷത്തിന്റെ വാക്കൗട്ടും നടന്നു. പ്രതിപക്ഷം വാക്കൗട്ട് നടത്തിയെങ്കിലും നഗരസഭ നിശ്ചയിച്ച അജണ്ടകള്‍ പാസാക്കുകയും ചെയ്തു.പ്രധാനമായും രണ്ടു വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. നഗരസഭയുടെ തൂക്കുപാലം സംബന്ധിച്ച് തയ്യാറാക്കിയ പുതിയ പദ്ധതികളും അതില്‍ നിന്ന് ഒഴിവാക്കുന്ന പദ്ധതികളും കൗണ്‍സില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു.. എന്നാല്‍ ഭരണപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി തൂക്കുപാലം പദ്ധതിയെ അനുകൂലിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.
നഗരസഭയുടെ ജനകീയ ആസൂത്രണം 2026- 27ന്റെ വാര്‍ഷിക പദ്ധതിയെ അംഗീകരിക്കുന്നതിനെ ക്കുറിച്ചാണ് രണ്ടാമതായി ചര്‍ച്ച നടന്നത്. വാര്‍ഷിക പദ്ധതി സംബന്ധിച്ച ലിസ്റ്റ് കൗണ്‍സില്‍ തുടങ്ങിയ വേളയിലാണ് ലഭിച്ചതെന്നും വായിച്ചു നോക്കാന്‍ പോലും സമയം കിട്ടിയില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ഏറെ പേജുകളുള്ള ലിസ്റ്റ് വായിച്ച് പഠിച്ചു ബോധ്യപ്പെട്ടു മാത്രമേ അംഗീകാരം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും അതിനായി ഒരു മണിക്കൂര്‍ അനുവദിക്കണമെന്നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഒരിക്കല്‍ കൂടി സഭ ചേരാമെന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്‍ നിര്‍ദ്ദേശം വെച്ചു.എന്നാല്‍ ഭരണപക്ഷം അത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. ഏകപക്ഷീയമായി പാസാക്കുന്നതിനെ എതിര്‍ക്കുന്നുവെന്ന് ബിജു പാലുപ്പടവന്‍ സഭയെ അറിയിച്ചു.പ്രത്യേക സമയം അനുവദിക്കേണ്ട കാര്യമില്ലെന്നും, സഭയില്‍ ഇരുന്നു തന്നെ ഓരോരോ വിഷയങ്ങളായി എടുത്ത് ചര്‍ച്ച ചെയ്യാമെന്നും തങ്ങള്‍ എവിടെയും ഒളിച്ചോടി പോകുന്നില്ലെന്നു മായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. ഇന്നു തന്നെ രണ്ടാമതൊരു കൗണ്‍സില്‍ യോഗം ചേരുന്നതില്‍ അവര്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ കൗണ്‍സില്‍ പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തു. വാര്‍ഷിക പദ്ധതി സംബന്ധിച്ചുള്ള ലിസ്റ്റ് വായിക്കാന്‍ സാധിക്കുന്നില്ലെന്നും അത്ര ചെറുതായിട്ടാണ് പ്രിന്റ് ചെയ്തിരിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷത്തെ ചില അംഗങ്ങളുടെ പരാമര്‍ശം. എന്നാല്‍ അത് ഭരണം മാറുമ്പോള്‍ നോക്കുന്ന കണ്ണിന്റെ വ്യത്യാസമാണെന്ന് ബിനു പുളിക്കക്കണ്ടം തിരിച്ചടിച്ചു. കഴിഞ്ഞവര്‍ഷം പ്രിന്റ് എടുത്ത അതേ മെഷീനില്‍ തന്നെയാണ് ഇത്തവണയും എടുത്തിരിക്കുന്നതെന്നും അപ്പോഴെങ്ങനെയാണ് അക്ഷരങ്ങള്‍ക്ക് മാറ്റം വരുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പദ്ധതി രേഖയിലുള്ളതൊന്നും വ്യക്തവും സുതാര്യവുമായ കാര്യങ്ങളല്ലെന്നും അതുകൊണ്ടുതന്നെ ഏകപക്ഷീയമായി പാസാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നിര്‍വഹണം സംബന്ധിച്ചുള്ള ലിസ്റ്റ് മുന്‍കൂട്ടി തരാത്തതെന്നും അത് അഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് ബിജു പാലു പടവന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചത്. ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടായിട്ടും കൗണ്‍സില്‍ ബഹിഷ്‌കരിക്കുന്നത് അപഹാസ്യമെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടാമത് ഒരു കൗണ്‍സില്‍ കൂടി ചേരാമായിരുന്നിട്ടും ഏകപക്ഷീയമായി മുന്നോട്ട് പോയത് ശരിയല്ലെന്ന്
കൗണ്‍സിലര്‍ ജോസിന്‍ ബിനോ പറഞ്ഞു. ഇപ്പോഴത്തെ പ്രതിപക്ഷം മുന്‍പ് അധികാര കസേരയിലിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളും ഓര്‍മ്മിക്കണമെന്ന് കൗണ്‍സിലര്‍ സിജി ടോണി പറഞ്ഞു.





0 Comments