Breaking...

9/recent/ticker-posts

Header Ads Widget

മരിയസദനത്തിന് RPWD രജിസ്‌ട്രേഷന്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.




മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കുന്ന പാലാ മരിയസദനത്തിന് RPWD രജിസ്‌ട്രേഷന്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അശരണര്‍ക്ക് അഭയവും ചികിത്സയും പുനരധിവാസവും നല്‍കിവരുന്ന പാല മരിയസദനത്തിന്‍ 360-ലധികം അന്തേവാസികളാണ്  ഇപ്പോഴുള്ളത്. സ്ഥാപനത്തില്‍ 300 പേരെ താമസിപ്പിക്കാനാണ് അനുവാദമുള്ളത്. ഇപ്പോള്‍ പുതുക്കിയ R.P.W.D രജിസ്‌ട്രേഷനില്‍ താമസിപ്പിക്കാന്‍ അനുവദനീയമായ ആളുകളുടെ എണ്ണം 300-ല്‍ നിന്ന് 250 ആയി കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് അറിയിച്ചു.
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, ലഹരി വിമുക്തി ചികിത്സയില്‍ കഴിയുന്നവര്‍, കുട്ടികള്‍, വയോജനങ്ങള്‍, കിടപ്പുരോഗികള്‍, അഗതികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 600-ഓളം ആളുകള്‍ മരിയസദനത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ സംരക്ഷണത്തില്‍ കഴിയുന്നുണ്ട്. കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ ജനപ്രതിനിധികള്‍, പോലീസ്, നഗരസഭകള്‍, പഞ്ചായത്തുകള്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ മുഖേനയാണ് നിരവധി ആളുകളെ മരിയസദനത്തില്‍ എത്തിച്ചിട്ടുള്ളത്. ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും ദീര്‍ഘകാല ചികിത്സയും പരിചരണവും ആവശ്യമായവരുമാണ് ഇവരില്‍ പലരും. പുതിയ RPWDരജിസ്‌ട്രേഷന്‍ നിയമ പ്രകാരം  നിലവില്‍ സംരക്ഷണത്തില്‍ കഴിയുന്ന 110-ലധികം ആളുകളുടെ തുടര്‍പരിചരണവും പുനരധിവാസവും പ്രതിസന്ധിയിലാവുകയാണ്. 


 കുടുംബാംഗങ്ങളില്ലാത്തവരും സ്വയം പരിപാലിക്കാന്‍ കഴിയാത്തവരുമായ ഇവരെ എവിടേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നതിന് വ്യക്തമായ പരിഹാരമില്ല. രജിസ്‌ട്രേഷന്‍ പരിധി കുറച്ചതോടെ പുതിയ ആളുകളെ സ്ഥാപനത്തിന് സ്വീകരിക്കാനും കഴിയില്ല.സര്‍ക്കാര്‍ ധനസഹായം പരമാവധി 50 പേര്‍ക്ക് മാത്രമാണ് അനുവദിക്കുന്നതെന്നും അനുവദിച്ച തുകപോലും പലപ്പോഴും പൂര്‍ണമായി ലഭിക്കുന്നില്ലെന്നും ഡയറക്ടര്‍ സന്തോഷ് ജോസഫ് പറയുന്നു. ഭക്ഷണം, മരുന്ന്, ചികിത്സ, ജീവനക്കാരുടെ വേതനം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിന് വലിയ സാമ്പത്തിക ബാധ്യതയാണ് സ്ഥാപനം നേരിടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ എത്തിച്ച നിരാലംബരുടെ തുടര്‍സംരക്ഷണം ഉറപ്പാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ്. നിയമപരമായ നടപടികള്‍ നടപ്പാക്കുമ്പോള്‍ ഇത്തരം മനുഷ്യരുടെ ജീവിതവും സുരക്ഷയും മാനുഷിക പരിഗണനയോടെ കാണണമെന്ന് സന്തോഷ് ജോസഫ് പറഞ്ഞു. RPWD രജിസ്‌ട്രേഷന്‍ പരിധി വര്‍ധിപ്പിക്കണമെന്നും മതിയായ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നു, സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ്, ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട മറ്റ് അധികാരികള്‍ എന്നിവര്‍ അടിയന്തരമായി ഇടപെട്ട് നിലവില്‍ സംരക്ഷണത്തില്‍ കഴിയുന്ന ആളുകളുടെ ചികിത്സയും പരിചരണവും പുനരധിവാസവും തടസ്സപ്പെടാത്ത വിധത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും സന്തോഷ് ജോസഫ് അഭ്യര്‍ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍