വിശ്വാസ പാരമ്പര്യത്തിന്റ ഓര്‍മ്മകള്‍ പുതുക്കി പുണ്യ ശ്ലോകന്‍ പനങ്കുഴയ്ക്കല്‍ വല്യച്ചന്റെ 483-ാം ചരമവാര്‍ഷികാചരണം കുറവിലങ്ങാട്ട് നടന്നു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ നടന്ന ചരമവാര്‍ഷിക ശുശ്രൂഷകളിലും നേര്‍ച്ച ശ്രാദ്ധത്തിലും നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. കുടുംബാംഗങ്ങളും വിശ്വാസികളും ഏഴുതിരി ഓട്ടുനിലവിളക്കില്‍ എണ്ണ പകര്‍ന്ന് തിരി കത്തിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. തുടര്‍ന്ന് കോളേജ് ജംഗ്ഷനിലെ വല്യച്ചന്‍ സ്മാരക പാര്‍ക്കില്‍ ലദീഞ്ഞും നടന്നു. ശ്രാദ്ധദിനമായ വ്യാഴാഴ്ച രാവിലെ 10-ന് ദൈവാലയത്തില്‍ ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലിങ്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസക്കുര്‍ബാന നടന്നു. തുടര്‍ന്ന് കബറിടത്തില്‍ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് ഒപ്പീസ് അര്‍പ്പിച്ച ശേഷം വല്യച്ചന്റെ ഗ്രോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. പാരിഷ് ഹാളില്‍ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍, ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, സഹവൈദികര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ അഭിവന്ദ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വല്യച്ചന്റെ നേര്‍ച്ചശ്രാദ്ധം ആശീര്‍വദിച്ചു. ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ ആശംസാപ്രസംഗം നടത്തി. തോമസ് ചാഴികാടന്‍ എക്‌സ് എം.പി, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി തുടങ്ങിയ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
ജോജോ എബ്രഹാം നിധീരി വലിയവീട്ടില്‍ ആയിരുന്നു ഈ വര്‍ഷത്തെ ശ്രാദ്ധപ്രസുദേന്തി. കുറവിലങ്ങാട് പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ആനവായില്‍ ചക്കര നേര്‍ച്ചയുടെ തുടക്കവും വല്യച്ചന്റെ കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു.വൈദിക വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്ന മല്‍പ്പാന്‍ കൂടിയായിരുന്ന പനങ്കുഴയ്ക്കല്‍ വല്യച്ചന്‍ 1543 ഒക്ടോബര്‍ 26-ന് കൂടമാളൂര്‍ പള്ളിമേടയില്‍ വച്ചാണ് ദിവംഗതനായത്.





0 അഭിപ്രായങ്ങള്‍