ഫ്യൂച്ചര്‍ സ്പൈക്കേഴ്‌സ് ഓള്‍ കേരള ഇന്റര്‍ കൊളീജിയറ്റ് വോളീബോള്‍ ടൂര്‍ണമെന്റ് ജനുവരി 16 മുതല്‍ 20 വരെ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ഇന്ത്യന്‍ പ്രൈം വോളി ലീഗ് ടീമായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റേയും, പാലാ സെന്റ് തോമസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കേരളത്തിലെ പ്രമുഖ പുരുഷ, വനിതാ കോളേജ് ടീമുകള്‍ പങ്കെടുക്കുന്ന ഫ്യൂച്ചര്‍ സ്‌പൈക്കേഴ്‌സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോര്‍ജ് ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. വോളിബോളില്‍ ജിമ്മി ജോര്‍ജിനെ പോലുള്ള രാജ്യാന്തര താരങ്ങളെ സംഭാവന ചെയ്ത പാലാ സെന്റ് തോമസ് കോളേജില്‍ വോളി ബോളിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതോടൊപ്പം ഒരു വോളിബോള്‍ അക്കാദമി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൂ സ്‌പൈക്കേഴ്‌സമായി സഹകരിച്ച് ടൂര്‍ണമെന്റ് സംഘടിപിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഫാദര്‍ ജയിംസ് ജോണ്‍ മംഗലത്ത് പറഞ്ഞു. മഹാത്മാഗാന്ധി സര്‍വ്വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍മാര്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ പുരുഷ- വനിതാ കോളേജ് ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കും. വൈകുന്നേരം നാലുമണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ദിവസേന രണ്ടു മത്സരങ്ങള്‍ വീതമാണ് നടക്കുന്നത്. മത്സരങ്ങളുടെ ഇടവേളകളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനും കലാപരിപാടികള്‍ക്കും പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ഇന്ത്യന്‍ പ്രൈം വോളി ലീഗില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെട്ട കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പാലാ സെന്റ് തോമസ് കോളേജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജയിംസ് ജോണ്‍ മംഗലത്ത്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോജി അലക്‌സ്, സഞ്ജിത് ജോസഫ്, ആഷിഷ് ജോസഫ്, ബെന്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments