Breaking...

9/recent/ticker-posts

Header Ads Widget

ഗ്രാമീണ റോഡ് അടച്ചുപൂട്ടാനുള്ള റെയില്‍വേയുടെ നീക്കത്തില്‍ പ്രതിഷേധം



ഗ്രാമീണ റോഡ് അടച്ചുപൂട്ടാനുള്ള റെയില്‍വേയുടെ നീക്കത്തില്‍ പ്രതിഷേധം. കാണക്കാരി പഞ്ചായത്തിലെ അമ്പലപ്പടി-പാറപ്പുറം റോഡാണ് റെയില്‍വേ അടച്ചുപൂട്ടാന്‍ നടപടികളാരംഭിച്ചത്. ഇരുപതോളം കുടുംബങ്ങള്‍ക്ക് വഴി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.   റെയില്‍വേ ഭൂമിയോട് ചേര്‍ന്ന താമസക്കാരാണ് വഴിയാധാരമാകുമെന്ന ഭീതിയില്‍ കഴിയുന്നത്. ഇതിന്റെ ഭാഗമായി റെയില്‍വേ ഇരുമ്പ് തൂണുകള്‍ വഴിയില്‍ സ്ഥാപിച്ചു. ശനിയാഴ്ചയാണ് സതേണ്‍ റെയില്‍വേ പിറവം ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചത്. ജനങ്ങളുടെ ആവലാതിയെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍  കാണക്കാരി അരവിന്ദാക്ഷന്‍  തിരുവനന്തപുരം  റെയില്‍വേ ഡിവിഷനില്‍ മാനേജര്‍ അടക്കമുള്ളവരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സ്ഥിരമായി അടച്ചു കെട്ടുന്നതിന് സാവകാശം അനുവദിച്ചു. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച ആള്‍ വീട്ടിലേക്കുള്ള വഴിയായി കാണിച്ചിരുന്നത് റെയില്‍വേയുടെ അധീനതയിലുള്ള പാറപ്പുറം റോഡ് ആണ്. ഈ സംഭവമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് സതേണ്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. റോഡ് അടച്ച് കിട്ടുവാന്‍ റെയില്‍വേ നടപടികള്‍ സ്വീകരിച്ചതോടെ  പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.  നിലവില്‍ പ്രദേശത്ത് തലമുറകളായി ഇവിടെ താമസിച്ചു വരുന്നവര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വഴിയുമാണ് അടച്ചു കെട്ടുന്നത്. സതേണ്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും റോഡ് അടച്ചു കെട്ടല്‍ നടപടി ഉണ്ടായാല്‍ പ്രദേശത്തേക്ക് ഒരു ഇരുചക്ര  വാഹനം പോലും എത്തുകയില്ല. പ്രായമായവര്‍ അടക്കമുള്ളവരെ ആശുപത്രികളിലും മറ്റുമെത്തിക്കാന്‍ ഓട്ടോറിക്ഷയോ ആംബുലന്‍സോ  സമീപപ്രദേശത്ത് പോലും എത്തിക്കുവാന്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ ആശങ്ക മുന്‍നിര്‍ത്തി ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിക്കുകയും ജനങ്ങളുമായി, ആശയവിനിമയം നടത്തുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി പ്രദേശവാസികള്‍ ഞായറാഴ്ച യോഗം ചേര്‍ന്നു.




Post a Comment

0 Comments