ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി പാലാ ബി.ആര്‍.സി.യുടെയും പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഫ്‌ലാഷ് മോബ്, വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷണല്‍ സ്പീച്ച് എന്നിവ സംഘടിപ്പിച്ചു. പ്രവിത്താനം ചര്‍ച്ച് ജംഗ്ഷനില്‍ കുട്ടികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രോത്സാഹനമാണ് ഇത്തരം പരിപാടികള്‍ എന്ന് അവര്‍ അഭിപ്രായപ്പെട്ടു തുടങ്ങനാട് അപ്പൂസ് ഫുഡ്‌സ് ഉടമ ജാസ്മിന്‍ അജി കുട്ടികള്‍ക്കായി മോട്ടിവേഷണല്‍ ക്ലാസ് നയിച്ചു. ഭിന്നശേഷിക്കാരനായ ഒരു മകന്റെ അമ്മ എന്ന നിലയിലും, ഇരുകണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ട ഒരു സ്ത്രീ എന്ന നിലയിലും അവര്‍ നേരിട്ട പ്രതിസന്ധികളും അവയോട് പൊരുതി ഒരു മികച്ച സംരംഭകയായി മാറിയ പാഠങ്ങളും അവര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെസ്സി ജോസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി. ജെ. എം.പി.ടി. എ. പ്രസിഡന്റ് ജാന്‍സി ജോസഫ്, ജിസ്മി ജോണി തുടങ്ങിയവര്‍ സംസാരിച്ചു





0 Comments