വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായെങ്കിലും വീട്ടുനമ്പര്‍ ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ് കാണക്കാരിയിലെ പട്ടികവര്‍ഗ്ഗ കുടുംബം . തങ്ങള്‍ക്ക് അവകാശവും നീതിയും നിഷേധിക്കപ്പെടുകയാണെന്നു കുടുംബം ആക്ഷേപം ഉന്നയിക്കുന്നു. കാണക്കാരി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ താമസക്കാരിയായ മുള്ളന്‍കുഴിയില്‍ പ്രീതിയാണ് വീട്ടുനമ്പര്‍ കിട്ടുന്നതിനായി പഞ്ചായത്ത് ഓഫീസ്, പിഡബ്ല്യുഡി ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങുന്നത്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഓഫീസിലും ഇവര്‍ പരാതിയുമായെത്തി. വീടിന് നമ്പര്‍ ലഭിക്കുന്നതിനായി കഴിഞ്ഞ 12 വര്‍ഷക്കാലമായി ഈ യുവതി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. നീതി തേടി നവകേരള സദസ്സില്‍ മുഖ്യ മന്ത്രിക്കു മുന്നിലെത്താനുള്ള കാത്തിരിപ്പിലാണ് പ്രീതിയും വൃദ്ധ മാതാവു ചെല്ലമ്മയും. ഇഎംഎസ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2011 ലാണ് ഈ കുടുംബത്തിന് 3 സെന്റ് ഭൂമി വാങ്ങുന്നതിനും വീട് വെക്കുന്നതിനും ആയി 2 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച 200 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ മാത്രം വിസ്തീര്‍ണ്ണമുള്ള ഒരു വീട്ടിലാണ് മാതാപിതാക്കളോടൊപ്പം പ്രീതി താമസിച്ചിരുന്നത്. പിതാവ് മരണപ്പെട്ടതോടെ വൃദ്ധയായ അമ്മ മാത്രമാണ് കൂടെ താമസിക്കുന്നത്. സ്വന്തമായി ഒരു കുടില്‍ വ്യവസായം തുടങ്ങുന്നതിനോ അതിനായി ഒരു ബാങ്ക് വായ്പ തേടുന്നതിനോ പോലും വീടിന് നമ്പര്‍ ഇല്ലാത്തത് മൂലം കഴിയുന്നില്ലെന്നാണ് പ്രീതി പറയുന്നത്. വെമ്പള്ളിക്ക് സമീപം കളത്തൂര്‍ കാണക്കാരി പിഡബ്ല്യുഡി റോഡിനോട് ചേര്‍ന്നാണ് ഇവര്‍ ഇഎംഎസ് ഭാവനപദ്ധതിയില്‍ വീട് വച്ചത്. നിലവിലെ നിയമപ്രകാരം പിഡബ്ല്യുഡി റോഡിന്റെ പാതയോരത്തു നിന്നും അംഗീകൃത അകലം പാലിച്ചിട്ടില്ല എന്നുള്ളതാണ് വീട്ടുനമ്പര്‍ ലഭിക്കുന്നതിന് തടസ്സമാകുന്നത്.





0 Comments