ഹൈക്കോടതി വിധി കാറ്റില്‍ പറത്തി പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നവകേരള സദസ്സിനായി പന്തല്‍ നിര്‍മ്മിക്കുകയാണെന്നും ഇടതുപക്ഷം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. സ്റ്റേഡിയത്തിലെ ഗ്രീന്‍ഫീല്‍ഡ് പ്രദേശത്ത് നടത്തുന്ന പന്തല്‍ നിര്‍മ്മാണം ഹൈക്കോടതി വിധിയുടെ നഗ്‌നമായ ലംഘനവും, കോടതി അലക്ഷ്യവും ആണെന്ന് യുഡിഎഫ് ആരോപിക്കുന്നു. സ്റ്റേഡിയത്തിലെ ഫെന്‍സ്ഡ് ഏരിയയിലേക്കുള്ളില്‍ ഒരുവിധം നാശനഷ്ടവും വരുത്തരുത് എന്ന് കര്‍ശന നിര്‍ദ്ദേശമാണ് ഹൈക്കോടതി നഗരസഭയ്ക്കും നഗരസഭാ സെക്രട്ടറിക്കും നല്‍കിയത്. എന്നാല്‍ ഹൈക്കോടതി വിധിക്ക് പുല്ലുവില കല്‍പ്പിച്ചാണ് ഈ പ്രദേശത്ത് ഇപ്പോള്‍ കൂറ്റന്‍ പന്തല്‍ നിര്‍മ്മിക്കുന്നത്. ഇത് കോടതി അലക്ഷ്യമാണ്. നഗരസഭയിലെ ഇടതു ഭരണകൂടം സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുവാദം കൊടുത്തിരിക്കുന്നത് ഏഴാം തീയതി മുതല്‍ പതിനേഴാം തീയതി വരെയാണ്. എന്നാല്‍ നാലാം തീയതി തന്നെ പന്തല്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്. ഇത് അനധികൃത കടന്നു കയറ്റമാണെന്നും നിരവധി കായികതാരങ്ങളുടെ പരിശീലനം മുടങ്ങിയിരിക്കയാണെന്നും UDF നേതാക്കള്‍ പറഞ്ഞു.. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് ഇടതുമുന്നണി പാലായില്‍ നടത്തുന്നത്. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി സ്റ്റേഡിയം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി എന്നിവര്‍ വ്യക്തമാക്കി.


.webp)


0 Comments