പാലാ നഗരസഭ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നവീകരിക്കുന്നു. നഗരസഭയുടെ ഉടമസ്ഥതയില്‍ കിഴതടിയൂരില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റല്‍ പാലാ നഗരസഭയിലും പ്രാന്തപ്രദേശങ്ങളിലും ജോലി ചെയ്ത് വന്നിരുന്ന വനിതകള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി പാലായില്‍ എത്തിച്ചേരുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന സുരക്ഷിത കേന്ദ്രമായിരുന്നു. സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിച്ച് വന്നിരുന്നത്. എന്നാല്‍ സിസ്റ്റേഴ്‌സ് പിന്മാറിയതിനു ശേഷം വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്നു. ഇത് മൂലം പരിമിത വരുമാനക്കാരായ വനിതകള്‍ക്കും പാലായില്‍ ജോലിക്ക് എത്തുന്ന വനിതകള്‍ക്കും വലിയ തുക മുടക്കി സ്വകാര്യ ഹോം സ്റ്റേകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. വിശാലമായ 3 നില കെട്ടിടത്തിന്റെ മെയിന്റനന്‍സ് നടത്തുന്നതിന് 15 ലക്ഷം രൂപ ഈ വര്‍ഷത്തെ പ്രൊജക്ടില്‍ അനുവദിച്ച് ടെന്‍ഡര്‍ ചെയ്ത് കഴിഞ്ഞതായി ചെയര്‍ പേഴ്‌സണ്‍ ജോസിന്‍ ബിനോ, വൈസ് ചെയര്‍ പേഴ്‌സണ്‍ സിജി പ്രസാദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ഷാജു തുരുത്തന്‍, മായാ പ്രദീപ്, ബിജി ജോജോ , മുന്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറെക്കര എന്നിവര്‍ അറിയിച്ചു. അറ്റകുറ്റപണികള്‍ പൂര്‍ത്തികരിച്ച് കഴിഞ്ഞാലുടന്‍ വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തനം പുനരാംരഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാധികൃതര്‍ പറഞ്ഞു.
0 Comments