സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതൃ സഹോദരിയുടെ വീട്ടില്‍ ആയുധവുമായി അതിക്രമിച്ചു കയറി അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍ . ഏറ്റുമാനൂര്‍ പറവേലമറ്റം എബിന്‍ ദേവസ്യയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകൂന്നേരം അഞ്ചു മണിയോടെ കടുത്തുരുത്തി കിടങ്ങില്‍പറമ്പ് മേപ്പുറത്ത് ജോണി ജോസഫിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ജോണിയും ഭാര്യ ഷേലമ്മ യും ആക്രമണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു. ഷേലമ്മയുടെ സഹോദരപുത്രനാണ് എബിന്‍ ദേവസ്യ. വെട്ടുകത്തിയുമായെത്തിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ആദ്യം എബിന്‍ വീട്ടുമുറ്റത്ത് കിടന്ന കാറും, സ്‌കൂട്ടറും അടിച്ചു തകര്‍ത്ത ശേഷം മടങ്ങി പോയി. അല്‍പസമയം കഴിഞ്ഞ് വീണ്ടും തിരിച്ചെത്തിയ ശേഷമാണ് കാറിന്റെ മുന്‍വശത്തെ ചില്ലുകളും വീടിന്റ ജനല്‍ചില്ലുകളും അടിച്ചു തകര്‍ത്തത്. ഷേലമ്മയ്ക്കു പിതാവ് വില്‍പത്രം എഴുതിവച്ചിരുന്ന ഏറ്റുമാനൂരിലെ വീട്ടിലാണ് വര്‍ഷങ്ങളായി എബിനും മാതാവും താമസിച്ചിരുന്നത്. ഒരു മാസം മുമ്പ് ഷേലമ്മ ഈ വീട് തന്റെ പേരിലേക്കു മാറ്റിയെടുത്തിരുന്നു. കഴിഞ്ഞദിവസം ഈ വീടിന്റെ കരം അടയ്ക്കുന്നതിനായി എത്തിയപ്പോഴാണ് എബിന്റെ മാതാവ് ഈ വിവരം അറിയുന്നത്. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ എബിന്‍ ഫോണില്‍ ചീത്ത വിളിക്കുകയും ഭീഷിണിപെടുത്തുകയും ചെയ്തിരുന്നതായി ഷേലമ്മ പറയുന്നു. ഇതോടെ ഇന്നലെ രാവിലെ ഷേലമ്മ, തന്റെ വീട്ടില്‍ അതിക്രമിച്ചു താമസിക്കുന്ന എബിനെയും മാതാവിനെയും ഒഴിപ്പിച്ചു നല്‍കണമെന്ന് ആവശ്യപെട്ട് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാവിലെ രണ്ട് കൂട്ടരോടും സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപെട്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ജോണിയുടെ പരാതി അനുസരിച് കേസെടുക്കുമെന്ന് കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാന്‍ പറഞ്ഞു. എബിന് മാനസികരോഗമാണെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ചികിത്സക്കായി ബന്ധുക്കള്‍ക്കൊപ്പം അയച്ചു.
0 Comments