ഇന്‍സ്പയര്‍ - ഇന്റേണ്‍ഷിപ് സയന്‍സ് ക്യാമ്പ് രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ നടക്കുമെന്ന് കോളേജധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളെ ശാസ്ത്ര സാങ്കേതിക മേഖലകളിലേക്ക് ആകര്‍ഷിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നൂതന പദ്ധതിയായ Innovation in Science Pursuit for Inspired Research (INSPIRE) Internship Science ക്യാമ്പാണ് നടക്കുന്നത്. ഇരുപത്തിമൂന്നിന് രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രഗല്‍ഭര്‍ പങ്കെടുക്കും. ന്യൂഡെല്‍ഹി ആസ്ഥാനമായ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അഭിമുഖത്തിലാണ് പ്ലസ് വണ്‍ അഡ്മിഷന്‍ എടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് സിലബസ് Full A+ , CBSE Full A one. ICSE (97.83%) മാര്‍ക്ക് നേടിയവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാവുന്നത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന റെസിഡെന്‍ഷ്യല്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്. സയന്‍സ് ആന്റ് ടെക്‌നോളജി മേഖലയിലെ ദേശീയ, അന്തര്‍ ദേശീയ തലങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ക്യാമ്പില്‍ ക്‌ളാസ്സുകള്‍ നയിക്കും.
രാജ്യത്തെ യുവജനങ്ങളെ ശാസ്ത്ര സാങ്കേതിക മേഖലകള്‍ ക്രിയാത്മകമായി പിന്‍തുടരേണ്ടതിന്റെ പ്രാധാന്യം അറിയിക്കുകയും പ്രാരംഭഘട്ടത്തില്‍ തന്നെ ശാസ്ത്രം പഠിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും, ശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ആവശ്യമായ മാനവവിഭവശേഷി ശേഖരം നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് 'INSPIRE' പദ്ധതിയുടെ ലക്ഷ്യം. പത്താം ക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍, ഇ മെയില്‍, മാര്‍ക് ലിസ്റ്റ് കോപ്പി, എന്നിവ inspire@mac.edu.in എന്ന ഇ മെയിലിലേക്ക് അയച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ കോളേജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം,കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സജീഷ് കുമാര്‍ എന്‍.കെ ,അഡ്മിനിസ്‌ട്രേറ്റര്‍ രാജീവ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






0 Comments