കുറുപ്പന്തറ പുളിന്തറ വളവില്‍ കാറും,  പാഴ്‌സല്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു.  കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും,  എതിര്‍ ദിശയില്‍  നിന്നും എത്തിയ പാഴ്‌സല്‍ ലോറിയുമാണ് പുളിന്തറ വളവില്‍  പുലര്‍ച്ചെ  5 മണിയോടെ കൂട്ടിയിടിച്ചത്.. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.  കാറിന്റെ മുന്‍ഭാഗം  പൂര്‍ണ്ണമായും തകര്‍ന്നു.  



കുറുപ്പന്തറ പുളിന്തറ വളവില്‍ അപകടങ്ങള്‍ നിത്യസംഭവമായിട്ടും വളവ് നിവര്‍ത്തുന്നതിനുള്ള നടപടികള്‍ ഇതുവരെയും അധികാരികളുടെ ഭാഗത്തുനിന്നും  ഉണ്ടായിട്ടില്ല. പലതവണ  ഇക്കാര്യം ആവശ്യപ്പെട്ട്  ജനപ്രതിനിധികള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും  നിവേദനം നല്‍കിയെങ്കിലും  നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.  ഏറ്റുമാനൂര്‍ വൈക്കം റോഡില്‍  അപകട ഭീഷണി ഉയര്‍ത്തുന്ന വളവുകള്‍ നിവര്‍ത്തുമെന്ന അധികാരികളുടെ പ്രഖ്യാപനങ്ങളും നടപ്പാക്കുന്നില്ല. പുളിന്തറ വളവ് നിവരുന്നതും കാത്തുള്ള നാട്ടുകാരുടെയും യാത്രക്കാരുടെയും കാത്തിരിപ്പ്  നീളുകയാണ്.