കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന ഗുരുതരമായ ഒട്ടേറെ വിഷയങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ യാതൊരു നിര്‍ദേശങ്ങളും പ്രഖ്യാപിക്കാതെ കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടുള്ള ബജറ്റാണ് ധനകാര്യ വകുപ്പ് മന്ത്രി ഇന്ന് അവതരിപ്പിച്ചതെന്ന് അഡ്വ. കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. അധികാരത്തില്‍ വന്നാല്‍ ഒരു കിലോ റബ്ബറിന് 250 രൂപ നിരക്കില്‍ സംഭരിക്കുമെന്നുള്ള പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഒരു തീരുമാനവും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് എന്ന നിലയില്‍ ഇത്തവണയും ഇല്ല.
.

.നെല്ല് സംഭരണത്തെക്കുറിച്ചും മറ്റ് കാര്‍ഷികവിളകളുടെ വിലയിടിവ് പരിഹരിക്കുന്നത് സംബന്ധിച്ചും ഒന്നും ബജറ്റില്‍ പറയുന്നില്ലന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാര്‍ഷിക മേഖലയെ സഹായിക്കുവാനുള്ള ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ ഭൂനികുതി വര്‍ദ്ധിപ്പിക്കുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണന്ന് അദ്ദേഹം പറഞ്ഞു.ഇടുക്കി,കുട്ടനാട് പാക്കേജുകള്‍ക്ക് ഒരു രൂപയും നീക്കിവച്ചിട്ടില്ല. മദ്ധ്യ കേരളത്തെ പാടേ ബജറ്റില്‍ അവഗണിച്ചിരിക്കുകയാണ്.വിലക്കയറ്റം നിയന്ത്രിക്കാന്‍ യാതൊരു നിര്‍ദ്ദേശവും ഇല്ല.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജീവന്‍ രക്ഷാമരുന്നുകള്‍ അടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്ന അതിരൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ഉണ്ടായിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. കാര്‍ബണ്‍ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതവാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന വാഹന നികുതി ഇളവ് എടുത്ത് കളയുന്നതിന്റെ തുടക്കമാണ് ഇപ്പോഴത്തെ നികുതി വര്‍ദ്ധനവ്. അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ഷവും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നുള്ള വാഗ്ദാനവും ജലരേഖയായി മാറി. വിവിധ ക്ഷേമനിധികളില്‍ നിന്ന് സര്‍ക്കാര്‍ കടം എടുത്തത് തിരിച്ച് നല്‍കാത്തതു മൂലം ക്ഷേമനിധി ബോര്‍ഡുകള്‍ നല്‍കിവന്നിരുന്ന പെന്‍ഷനുകള്‍ രണ്ട് വര്‍ഷത്തിലേറെയായി മുടങ്ങിയിരിക്കുകയാണ്. കടം വാങ്ങിയ തുക തിരികെ കൊടുക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ബജറ്റില്‍ ഇല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി പറഞ്ഞു.
0 Comments